കേരളത്തിലെ സിപിഎമ്മിനെ ആധുനികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനിയായ ഇ.പി. ജയരാജന്‍ ഇപ്പോള്‍ വലിയ കണ്‍ഫ്യൂക്ഷനിലാണ്. ഇടതുപക്ഷത്തെ വലതുപക്ഷമായി മാറ്റിയസ്ഥിതിയ്ക്കു ഇനി എവിടെനിന്നാലെന്താ എന്ന ചിന്ത വരുന്നത് സ്വാഭാവികം. പാര്‍ട്ടിയിലെ രണ്ടാമന്‍സ്ഥാനം പോലും കിട്ടാത്ത സ്ഥിതിക്ക് താന്‍ 'ഹൈടെക്' ആക്കിയ പാര്‍ട്ടിയോട് അകല്‍ച്ച തോന്നുന്നത് സ്വാഭാവികം. ബിജെപി ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ചയും നീക്കുപോക്കും പരസ്യമായതോടെ രണ്ടിലൊന്ന് വൈകാതെ തീരുമാനിക്കപ്പെട്ടേക്കാം എന്ന സ്ഥിതിയാണ്.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറുമായി ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇ പി വീണ്ടും വാര്‍ത്താ താരമാകുന്നത് . ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്കു വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്കായി ഇ.പി ജയരാജന്റെ മകന്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നു പറഞ്ഞ ശോഭ സുരേന്ദ്രന്‍, തെളിവായി വാട്‌സ്ആപ്പ് ചാറ്റും പുറത്തുവിട്ടു. ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ ബലമായി വാങ്ങി മെസേജ് വിടുന്നതാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ ചായ കുടിക്കാന്‍ വന്നതാണെന്നുമാണ് ഇ പി ആണയിടുന്നത്.
പരിപ്പുവടയും കട്ടന്‍കാപ്പിയും ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുടെ കാലം എന്നേ കഴിഞ്ഞു. ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പണ്ട് വിശേഷിപ്പിച്ചിരുന്ന ബൂര്‍ഷായുമായി ഇടപാടുകള്‍ നടത്തുന്ന നേതാക്കളുടെ കാലമാണ്. അതേ ഇപിയും ചെയ്തുള്ളൂ. കള്ളിവെളിച്ചത്താവുമ്പോള്‍ കൂടെയുള്ളവര്‍ കാലുമാറും. അതാണ് ഇരട്ട ചങ്കുള്ള നേതാവിന്റെ പരസ്യ ശാസന എന്ന് കരുതിയാല്‍ മതി.
മുമ്പ് ദേശാഭിമാനി ജനറല്‍ മാനേജരും മന്ത്രിയും പിന്നീട് ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം കൂട്ടിയാണെന്നോര്‍ക്കണം
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതും ദേശാഭിമാനിക്ക് പരസ്യം വാങ്ങിച്ചതും ഒന്നും തനിക്കു വേണ്ടിയായിരുന്നില്ല. മന്ത്രിയായപ്പോള്‍ ചിറ്റപ്പന്റെ റോളെടുത്തതും തനിക്കുവേണ്ടിയായിരുന്നില്ല. സ്മരണ വേണം കേട്ടാ.
ഇ.പി യും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന ആരോപണം വന്നതിന്റെ ക്ഷീണം മാറുന്നതിനു മുമ്പാണ് ബിജെപിയിലേക്ക് ചേക്കേറുന്നെന്ന നാണക്കേട്.
മുമ്പ് വൈദേകം- നിരാമയ റിസോര്‍ട്ടുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല എന്നാണു ഇപി പറഞ്ഞത്. നിരാമയയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടോ എന്നും തനിക്കറിയില്ല. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല എന്നാണ് ഇപി പറയുന്നത്. വിശ്വസിക്കണം.
എന്തായാലും ഇപിക്കെതിരെ എന്തെങ്കിലും നടപടി എടുക്കണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപിയെ പിണക്കാതെ എന്തെങ്കിലും പൊടികൈ ചെയ്യാനായിരിക്കും പിണറായിക്കും കൂട്ടര്‍ക്കും താല്‍പ്പര്യം രണ്ടായാലും 'ചിറ്റപ്പന്റെ' കരിയറില്‍ വഴിത്തിരിവിന് സാധ്യതയുണ്ട്.