നാട്ടുവാര്‍ത്തകള്‍

പാളയത്തെ പട്ടിഷോ!

തിരുവനന്തപുരം: പാതിരാത്രി കാര്‍ കുറുകെയിട്ട് ലോങ്ങ് ട്രിപ്പിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് തിരുവനന്തപുരം മേയറും ഭര്‍ത്താവായ എം.എല്‍.എയും നടത്തിയ പട്ടിഷോക്കെതിരെ ആഞ്ഞടിച്ചു സോഷ്യല്‍മീഡിയ. സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു വണ്‍ വേ റോഡില്‍ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്രാ ലൈനില്‍ കാര്‍ കുറുകെയിട്ട് ആയിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെയും എം.എല്‍.എ ഭര്‍ത്താവിന്റെയും ഷോ.

വാഗ്വാദത്തിനൊടുവില്‍ യാത്രക്കാരെ മുഴുവന്‍ പെരുവഴിയിലിറക്കി ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്താണ് പോലീസ് ഭരണകക്ഷിയോടുള്ള കൂറ് കാണിച്ചത്. വാഹനം വിലങ്ങി ട്രിപ്പ് മുടക്കിയെന്നാരോപിച്ച് മേയര്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും അത് ഗൗനിച്ചതേയില്ല. മാത്രമല്ല, ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരേ പോലീസ് കേസുമെടുത്തിട്ടുണ്ട്.


മേയര്‍ ആര്യാരാജേന്ദ്രന്‍ കാര്‍ കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചിത്രം വ്യക്തമായത്. കാര്‍ കുറുകെയിട്ടത് സീബ്രാലൈനിലാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തിരുവനന്തപരും പാളയത്ത് സാഫല്യം കോംപ്ലക്‌സിന് മുന്നിലാണ് മേയര്‍ കെ.എസ്.ആര്‍.ടി.സി തടഞ്ഞത്. ബസിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കാര്‍ കുറുകെയിട്ടില്ലെന്നാണ് നേരത്തേ മേയര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദൃശ്യം വന്നതോടെ മേയറുടെ വാദം പൊളിഞ്ഞു.

മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് ചോദിക്കാന്‍ ഇറങ്ങിയത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ക്ഷുഭിതനായി. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ ആരോപിക്കുന്നു.


കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്നും കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയെന്നും മേയര്‍ക്കെതിരെ ഡ്രൈവറും പരാതി നല്‍കിയിരുന്നു. എന്നാല്‍ മേയര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.


പാളയത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവും രണ്ടു സുഹൃത്തുക്കളുമാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുമായി കൊമ്പുകോര്‍ത്തത്. ആര്യയും സച്ചിന്‍ ദേവും ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ പട്ടം ഭാഗത്തുവച്ച് ബസിനെ ഓവര്‍ടേക്കു ചെയ്യാന്‍ ശ്രമിച്ചിടത്തു നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബസിനുപിന്നാലെ പാഞ്ഞ ഇവര്‍ പാളയത്തെത്തിയപ്പോള്‍ റോഡിനു കുറുകെ കാര്‍ വിലങ്ങി നിര്‍ത്തിച്ചു.

മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുമായി വാക്കേറ്റത്തിലായി. ഈസമയം ഇരുപത്തഞ്ചോളം യാത്രക്കാരും ബസിലുണ്ടായിരുന്നു. ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്നത് ആരാണെന്നു കണ്ടില്ലെന്നു ബസ്‌ഡ്രൈവര്‍ പറഞ്ഞു. കാണാത്തതെന്താണെന്നായിരുന്നു മേയറുടെയും കൂട്ടരുടെയും മറുചോദ്യം.

പാതിരാത്രി തര്‍ക്കം രൂക്ഷമായതോടെ കന്റോണ്‍മെന്റ് പോലീസെത്തി ഡ്രൈവറെയടക്കം ബസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. ജനപ്രതിനിധികളാണെന്നു തിരിച്ചറിയാതെ ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നും അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്നും ആരോപിച്ച് ബസ്‌ഡ്രൈവര്‍ യദുവിനെതിരേ കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഡ്രൈവറെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

അതേസമയം, തന്റെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നു ബസ് ഡ്രൈവര്‍ പറഞ്ഞു. മേയറും കുടുംബവുമാണ് കാറിലുണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. സ്ഥലം ഇല്ലാത്തിടത്താണ് കാര്‍ ഓവര്‍ടേക്കിങ്ങിനു ശ്രമിച്ചത്. അതിനാലാണ് കടത്തിവിടാതിരുന്നത്.

യദു പറയുന്നത് ഇങ്ങനെ ''തൃശൂര്‍-ആലപ്പുഴ-തിരുവനന്തപുരം ബസാണ്. പട്ടം എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ട് വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്തുപോകാന്‍ സ്ഥലം കൊടുത്ത ശേഷം മൂന്നാമതായിരുന്നു മേയര്‍ സഞ്ചരിച്ച വാഹനമെത്തിയത്. പ്ലാമൂടിനും പി.എം.ജിക്കും ഇടയില്‍ വണ്‍വേയില്‍ വച്ചായിരുന്നു മേയറുടെ വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. അവിടെ ബസ് ഒതുങ്ങി കൊടുക്കാന്‍ സ്ഥലമില്ല.
എന്നിട്ടും ഇടതുവശത്തു കൂടി വാഹനം ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍കയറി. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയത്. ഉടനെ കാറില്‍ നിന്ന് ഒരു യുവാവ് ചാടിയിറങ്ങി. തന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചുകൊണ്ട് ആക്രോശിച്ചു. മോശമായി സംസാരിച്ചപ്പോഴാണ് ഞാനും തിരിച്ചുപറഞ്ഞത്. അപ്പോഴും മേയറാണെന്ന് അറിയില്ലായിരുന്നു. മേയറോട് ഒന്നും പറഞ്ഞില്ല. നിനക്ക് എന്നെ അറിയില്ലേ, കൊച്ചുകുട്ടികള്‍ക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയര്‍ ചോദിച്ചത്.
എല്ലാ സി.സി.ടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ. അല്ലാതെ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകും. അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇനി നാളെയാണ് ഡ്യൂട്ടിയില്‍ കയറേണ്ടത്. ജോലി ഇനി ഉണ്ടാകുമോയെന്ന് യാതൊരു ഉറപ്പുമില്ല.

മേയര്‍ ഡ്രൈവര്‍ക്യാബിനിലെ വാതില്‍ വലിച്ചുതുറന്ന് മോശമായാണു സംസാരിച്ചത്. ഇതിനിടെ സച്ചിന്‍ദേവ് അകത്തുകയറി ബസ് മുന്നോട്ടെടുത്താല്‍ വിഷയം വേറേയാകുമെന്നു പറഞ്ഞു. ജോലി തടസപ്പെടുത്തിയതടക്കം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. പരാതിയുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും യദു പറഞ്ഞു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions