നഴ്‌സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് യു.കെ.യിലേക്കു പോകാനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവിടെ വെച്ച് കുഴഞ്ഞുവീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണു മരിച്ചത്.
ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബന്ധുക്കളോടു യാത്രപറയാനിറങ്ങിയപ്പോള്‍ള്‍ സമീപത്തെ വീട്ടിലെ അരളിപ്പൂവ് വായിലിട്ടു കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയോ മറ്റോ കാരണമാണോ മരണമെന്നു സംശയമുണ്ട്. കൂടുതല്‍ വിവരം പോസ്റ്റ്മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂ.