ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ ചെറുമകനും സിറ്റിംഗ് എംപിയും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വൈകൃത, പീഡന വീഡിയോകളുടെ ഞെട്ടലിലാണ് ഏവരും. മൂവായിരത്തോളം വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. എഴുപത്തുവയസുള്ള സ്ത്രീകളെപ്പോലും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ അന്തരാഷ്ട്ര തലത്തിലും ഞെട്ടലുളവാക്കുന്നതാണ്. വിവാദം കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ദിവസമാണ് പ്രജ്വലിനെതിരായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
പ്രജ്വല്‍ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നു. പുറത്ത് വന്ന മിക്ക വീഡിയോകളും പ്രജ്വല്‍ തന്നെ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് ലാപ്‌ടോപ്പിലേക്ക് മാറ്റി എന്നുമാണ് ഉയരുന്ന ആരോപണം.
ഏപ്രില്‍ 27 ന് കര്‍ണാടക സര്‍ക്കാര്‍ വീഡിയോകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിട്ടു. ഇതോടെ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നു. നേരത്തെയും സമാനമായ വീഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. എന്നാല്‍ ലൈംഗികാതിക്രമത്തിനിരയായ വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയ്ക്കെതിരെയും പരാതിക്കാരി സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെയാണ് പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ജോലിക്കാരി നല്‍കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്ഡി രേവണ്ണ. രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസം മുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.
രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. സാരിയുടെ പിന്നുകള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങും- അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളെക്കുറിച്ച് ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെഡിഎസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് ബിജെപി നേതാവായ ദേവരാജ ഗൗഡ മാസങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയ്ക്ക് കത്ത് നല്‍കി അറിയിച്ചിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി പ്രജ്വല്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു.
രേവണ്ണയുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് പ്രജ്വല്‍. 2014 ല്‍ ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് പ്രജ്വല്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2029 മേയില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജെഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പ്രജ്വല്‍ അവിവാഹിതനാണ്.