പണ്ട് യുഡിഎഫ് ഭരണ കാലത്ത് ബാര്‍കോഴ വിവാദം ആയുധമാക്കി പ്രതിപക്ഷമായ എല്‍ഡിഎഫ് ഉയര്‍ത്തിയ കോലാഹലം ആരും മറന്നിട്ടുണ്ടാവില്ല. കെഎം മാണിയുടെ രാജിയില്‍ വരെ കലാശിച്ച വിഷയം എല്‍ഡിഎഫ് ഭരണത്തിലെത്തിയതോടെ മാറിമറിഞ്ഞു. മദ്യ വര്‍ജ്ജനം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ കൂടുതല്‍ ബാറുകള്‍ തുറന്നു കൊടുത്തു തങ്ങളുടെ 'ആത്മാര്‍ഥത' ആദ്യമേ തെളിയിച്ചു. ഭരണതുടര്‍ച്ച ലഭിക്കുകയും പണത്തിനും കമ്മീഷനും ആവശ്യം വരുകയും ചെയ്തതോടെ മദ്യനയം കൂടുതല്‍ ഉദാരമാക്കുന്നതിനായി മറ്റൊരു കോഴയ്ക്കും തുടക്കമായിരിക്കുകയാണ്.
ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം.
രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്‍ നിര്‍ദേശിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ല്‍ നിന്നും 12 ലേക്ക്) ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്‍ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം'. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന്‍ പറയുന്നു. സഹകരിച്ചില്ലേല്‍ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഏകീകൃത രൂപത്തില്‍ പണംപിരിക്കണമെന്നും അനിമോന്‍ പറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നല്‍കിയ ഇടുക്കിയിലെ ഒരു ബാര്‍ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു. അതേസമയം ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോന്‍ ഒഴിഞ്ഞുമാറി.
ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം രൂപ പിരിക്കുന്നത് ബില്‍ഡിങ് ഫണ്ടിനായി ആണെന്ന് പറഞ്ഞു ഊരാനാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍. ശ്രമിച്ചത്.
പിരിക്കാന്‍ പറഞ്ഞത് അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തളളിയ സുനില്‍കുമാര്‍, പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച അനിമോനെ സസ്പെന്‍ഡ് ചെയ്‌തെന്നും പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോഴാണ് പൂട്ടിയ ബാറുകള്‍ തുറന്നത്. സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനു പിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി മന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.