ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; അഞ്ചംഗ വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ പതിച്ചു. കോട്ടയം കുറുപ്പന്തറ കടവ് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്നും വരികയായിരുന്ന വിനോദസഞ്ചാരികളാണ് തോട്ടില്‍ വീണത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നാറില്‍ നിന്നും വന്ന സംഘം ആലപ്പുഴയിലേക്ക് പോകുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.
മഴകാരണം നിറയെ വെള്ളമുണ്ടായിരുന്നു തോട്ടില്‍ കാര്‍ 150 മീറ്റര്‍ ഒഴുകിപ്പോകുകയും ചെയ്തു. വീതി കുറഞ്ഞ തോട് ആയതിനാല്‍ ഒഴുക്കില്‍ പെട്ട കാര്‍ കുറേ മുമ്പോട്ട് പോയ ശേഷം തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയും ഡിക്കിയും വാതിലുകളും തുറക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട ശേഷം പുറത്തിറങ്ങിയ ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തി.
സഞ്ചാരികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നതായിട്ടാണ് വിവരം. ഹൈദരാബാദ് സ്വദേശികളായിരുന്നു അപകടത്തില്‍ പെട്ടത്. കുറുപ്പന്തറ ജംഗ്ഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കഴിയുമ്പോള്‍ കല്ലറ ഭാഗത്തേക്ക് തിരിയുന്ന റോഡിലൂടെ പോരുമ്പോഴായിരുന്നു അപകടം. ശക്തമായ മഴയായതിനാല്‍ തോടിന് തൊട്ടുമുമ്പായി ഉള്ള ഡീവിയേഷന്‍ വാഹനത്തിലുള്ളവര്‍ക്ക് തിരിച്ചറിയാതെ പോയതാണ് അപകടത്തിന് കാരണമായത്.
മുങ്ങിപ്പോയ കാര്‍ 150 മീറ്റര്‍ കെട്ടിവലിച്ചാണ് കരയിലേക്ക് കൊണ്ടുവന്നത്. വഴിയുടെ ഈ തിരിവ് മനസ്സിലാക്കാതെ മുമ്പും ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവിടെ റോഡ് സുരക്ഷാ വകുപ്പിന്റെയോ പഞ്ചായത്തിന്റേയോ ശ്രദ്ധിക്കുന്ന നിലയിലുള്ള സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതില്‍ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. മുമ്പ് നടന്‍ രാജന്‍പി. ദേവ് സഞ്ചരിച്ച വാഹനവും ഇവിടെ അപകടത്തില്‍ പെട്ടിട്ടുള്ളതായി നാട്ടുകാര്‍ ഓര്‍ക്കുന്നു.