ഇയാള്‍ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജര്‍മനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാന്‍ സമയം ചോദിച്ചത്.
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയ്ക്ക് എതിരെ പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ താന്‍ അതിനാലാണ് നിശബ്ദത പാലിച്ചത്. ചില ദുഷ്ടശക്തികള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രജ്വല്‍ പറഞ്ഞു. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വല്‍ കൂട്ടിച്ചേര്‍ത്തു.
മൂവായിരത്തിലേറെ അശ്ലീല വീഡിയോയുമായി പീഡന വിവാദത്തില്‍പ്പെട്ട കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെയാണ് പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ജോലിക്കാരി നല്‍കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്ഡി രേവണ്ണ. രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
ജോലിക്ക് ചേര്‍ന്ന് നാലാം മാസം മുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. സാരിയുടെ പിന്നുകള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങും- അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളെക്കുറിച്ച് ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെഡിഎസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് ബിജെപി നേതാവായ ദേവരാജ ഗൗഡ മാസങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയ്ക്ക് കത്ത് നല്‍കി അറിയിച്ചിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. വീഡിയോകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടുജോലിക്കാരിയായ 47കാരി പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്ഡി രേവണ്ണയ്ക്കും എതിരേ പീഡന പരാതി നല്‍കിയത്.