മണ്‍സൂണിനു മുമ്പേ കേരളത്തില്‍ അതിതീവ്രമഴ, കൊച്ചിയില്‍ മേഘവിസ്‌ഫോടനം, കോട്ടയത്ത് പ്രളയം
കൊച്ചി: മണ്‍സൂണ്‍ ആരംഭിക്കുന്നതിനുമുന്നേ കേരളത്തിലെ അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴ. കൊച്ചിയില്‍ മേഘവിസ്‌ഫോടനമുണ്ടായതായാണ് സംശയം. ഒരു മണിക്കൂറില്‍ കളമശേരിയില്‍ 100 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തി. കൊച്ചി കുസാറ്റിലെ റഡാര്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച മഴമാപിനിയില്‍ 98.4 മില്ലീ മീറ്റര്‍ മഴയും രേഖപ്പെടുത്തിയെന്ന് കുസാറ്റ് അറിയിച്ചു. ഒരു മണിക്കൂറില്‍ 100 മില്ലീ മീറ്റര്‍ മഴ ലഭിച്ചാലേ മേഘവിസ്‌ഫോടനമായി കണക്കാക്കുകയുള്ളൂ. എന്നിരുന്നാലും അതിനു സമാനമായ മഴയാണ് ലഭിച്ചത്.
കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട ജില്ലകളിലും കനത്ത മഴയുണ്ടായി. എറണാകുളം നഗരത്തിലും പരിസരങ്ങളിലും മഴ കനത്ത നാശം വിതച്ചു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, ഇടപ്പള്ളി, കളമശേരി, എം.ജി.റോഡ് എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടായിരുന്നു. വലിയതോതില്‍ വാഹനഗതാഗതക്കുരുക്കുമുണ്ടായി.
കോട്ടയത്ത് മഴയില്‍ വിവിധ മേഖലകളില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലയിലെ വിവിധ പ്രദേശങ്ങളിലും വെള്ളംകയറിയിട്ടുണ്ട്. ഇടമറുകില്‍ ഉരുള്‍പൊട്ടി
മീനച്ചിലാര്‍ കരകവിഞ്ഞു റോഡുകളില്‍ വെള്ളം കയറി.
മണ്‍സൂണില്‍ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ് മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. ഭൂമിയില്‍ നിന്ന് ആറു മുതല്‍ ഏഴ് കിലോമീറ്റര്‍ ഉയരത്തില്‍ മേഘങ്ങള്‍ വലിയതോതില്‍ രൂപമെടുക്കുന്നതാണ് കൂമ്പാരമേഘങ്ങള്‍. ഇതില്‍ നിന്നു വലിയ അളവിലാണ് ജലം പുറത്തേക്കുവരുന്നത്. ഇത് ക്ഷണ നേരത്തില്‍ കൂടുതല്‍ മഴ സൃഷ്ടിക്കും.