ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് അറസ്റ്റില്‍; നിയമം നിയമത്തിന്റെ വഴിക്കെന്ന് തരൂര്‍
ശശി തരൂര്‍ എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിന് കസ്റ്റംസിന്റെ പിടിയില്‍. പേഴ്സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ശിവകുമാര്‍ പ്രസാദ് സ്വര്‍ണം കൈമാറുന്നത് കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശിവകുമാര്‍ പ്രസാദിനേയും സ്വര്‍ണം കൈമാറിയ ആളെയും പിടികൂടുകയായിരുന്നു. കൈമാറിയ സ്വര്‍ണത്തിന് മതിയായ രേഖകളില്ലെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു.
ശിവകുമാര്‍ പ്രസാദ് എയറോഡ്രോം (എംപിയുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍) എന്‍ട്രി വഴിയാണ് എയര്‍പോര്‍ട്ടില്‍ കയറിയത്. ആ പാസ് അടക്കം അന്വേഷണ ഏജന്‍സി പിടികൂടിയിട്ടുണ്ട്. 500 ഗ്രാം സ്വര്‍ണവും പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ കസ്റ്റംസ് പിടിച്ചെടുത്ത ശിവകുമാര്‍ പ്രസാദിന്റെ എയറോഡ്രോം എന്‍ട്രി പാസ് ചിത്രം രാജീവ് ചന്ദ്രശേഖര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തി. തന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് ശിവകുമാര്‍ എന്നും ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി തനിക് എയര്‍പോര്‍ട്ട് സേവനം നല്‍കിയിരുന്ന ആളായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. അതേസമയം താന്‍ പ്രചാരണ ആവശ്യങ്ങള്‍ക്കായി ധര്‍മ്മശാലയിലാണെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
ശിവകുമാര്‍ 72 വയസ്സുള്ള വിരമിച്ചയാളാണെന്നും പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പയുടെ അടിസ്ഥാനത്തില്‍ പാര്‍ട് ടൈം അടിസ്ഥാനത്തിലാണ് നിലനിര്‍ത്തിയതെന്നും തരൂര്‍ പറഞ്ഞു. ഇയാള്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്ന ഒരു തെറ്റും താന്‍ അംഗീകരിക്കുന്നില്ലെന്നും, സംഭവത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും തരൂര്‍ പറഞ്ഞു.