എയര്‍ ഹോസ്റ്റസ് മലദ്വാരത്തില്‍ ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണം
കണ്ണൂര്‍: സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തില്‍ അധികൃതര്‍. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഒരു കിലോയോളം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ കഴിയില്ലെന്നതാണ് ഇതിന് കാരണം. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ യുവതികളുള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംഘങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഗര്‍ഭനിരോധന ഉറയ്ക്കുള്ളിലും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വര്‍ണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാന്‍ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് പ്രത്യേക പരിശീലനം നല്‍കുന്നത്.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊല്‍ക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായത്. കേരളത്തിലെ സ്വര്‍ണക്കടത്തുസംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടെന്ന സംശയവും ഡി.ആര്‍.ഐ അധികൃതര്‍ക്കുണ്ട്. വിദശമായ ചോദ്യംചെയ്യലില്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭി ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്.