യുപിയില്‍ അടിതെറ്റി ബിജെപി; ശക്തിപ്രകടനവുമായി 'ഇന്ത്യ' മുന്നണി
ലക്നൗ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് അടിത്തറയായ ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപിയ്ക്ക് അടിതെറ്റി. രാമക്ഷേത്രം ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയില്‍ മത്സരിച്ചതിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ട 'മോദി ഇഫക്ടും’ പ്രതീക്ഷിച്ച രീതിയില്‍ ഏശാതെ വന്നതോടെ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വന്‍ മുന്നേറ്റം സമ്മാനിച്ച യുപിയില്‍ മാത്രം മുപ്പതു സീറ്റുകളുടെ നഷ്ടം ബിജെപിക്ക് ഉണ്ടായി.
മോദിയെയും കൂട്ടരെയും തനിച്ചു കേവലം ഭൂരിപക്ഷം നേടാന്‍ തടസമായതും യുപിയാണ്. കഴിഞ്ഞ തവണ 62 സീറ്റുകള്‍ നേടിയ ബിജെപി പകുതിയിലെത്തി. അതേസമയം അഖിലേഷ് യാദവിന്റെ എസ്പി അഞ്ചില്‍ നിന്ന് മുപ്പതിലെത്തി. സഖ്യമുള്ള കോണ്‍ഗ്രസിന് ഒമ്പതിടത്തും ലീഡുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഉണ്ടായത് ഞെട്ടിക്കുന്ന പ്രഹരമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ പിന്നില്‍ പോകുന്ന കാഴ്ചയും ദൃശ്യമായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്.
മണ്ഡലത്തില്‍ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ 4.7 ലക്ഷത്തിന് മുകളിലും 2014-ല്‍ 3.7 ലക്ഷത്തിനുമുകളിലുമായിരുന്നു മോദിയുടെ ഭൂരിപക്ഷം.
2019-ലും അജയ് റായ് തന്നെയായിരുന്നു മോദിയുടെ പ്രധാന എതിരാളി.