കോഴിക്കോട്: രാഹുല്‍ തരംഗം പ്രകടമായ 2019-നേക്കാള്‍ പല മണ്ഡലങ്ങളിലും ഭൂരിപക്ഷമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥികള്‍. വയനാട്ടില്‍ രാഹുലിനു മൂന്നര ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. എറണാകുളത്തു ഹൈബി ഈഡനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനും, പൊന്നാനിയില്‍ സമദാനിയ്ക്കും ഭൂരിപക്ഷം രണ്ടു ലക്ഷത്തിനു മേലെയാണ്.
അതുപോലെ കോഴിക്കോട്ട് എം.കെ. രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കൊല്ലത്തു പ്രേമചന്ദ്രന്‍, കണ്ണൂരിൽ കെ സുധാകരന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷത്തിന് മേലെയാണ്.
എല്‍ഡിഎഫില്‍ സിപിഎം ഒഴികെ ഒരു ഘടകകക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. സിപിഐയുടെ നാല് പേരും തോറ്റു കേരളാകോണ്‍ഗ്രസിന്റെ ചാഴിക്കാടനും വീണു.
എല്‍ഡിഎഫിന് ആശ്വസിക്കാനുണ്ടായിരുന്നത് ആലത്തൂരും ആറ്റിങ്ങലും മാത്രായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ജയം നേടിയ ആലപ്പുഴയും കൈവിട്ടുപോയി. കഴിഞ്ഞ തവണത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടു സീറ്റിലേക്ക് കയറി സ്ഥിതി മെച്ചപ്പെടുത്തിയെന്ന് സാങ്കേതികമായി വാദിക്കാനുമാകുമെന്ന് മാത്രം. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് സുരേഷ്‌ഗോപിയുടെ വിജയവും കെ.മുരളീധരന്റെ പരാജയവുമായിരുന്നു. സുരേഷ്‌ഗോപിക്ക് മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ പടുകൂറ്റന്‍ ജയമാണ് നേടിയത്. ബിജെപി വന്‍പ്രതീക്ഷയോടെ ഇറക്കിയ കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും പരാജയപ്പെട്ടു. ആദ്യഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിപ്പിച്ച രാജീവ് ചന്ദ്രശേഖറെ അവസാനഘട്ടത്തില്‍ ശശി തരൂര്‍ മറികടന്നു. ആദ്യഘട്ടത്തില്‍ 23,000 വോട്ടുകള്‍ക്ക് പിന്നില്‍ പോയ ശശി തരൂര്‍ അവസാന ഘട്ടത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയതോടെ രാജീവ് ചന്ദ്രശേഖറിന്റെ സാധ്യത അടഞ്ഞു.
സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖറും ഒഴിച്ചാല്‍ ബിജെപിയില്‍ ആര്‍ക്കും തന്നെ രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. വയനാട്ടില്‍ രാഹുലിനെതിരേ മത്സരിച്ച കെ. സുരേന്ദ്രന്‍ ചിത്രത്തില്‍ പോലും ഇല്ലായിരുന്നു. രാഹുല്‍ഗാന്ധി വന്‍ തിരിച്ചുവരവാണ് നടത്തിയത് വയനാട്ടില്‍ മൂന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം വയനാട്ടില്‍ നേടിയ രാഹുല്‍ ഉത്തര്‍പ്രദേശില്‍ റായ്ബറേലിയിലും പടുകൂറ്റന്‍വിജയം നേടി. ആലത്തൂരില്‍ കഴിഞ്ഞതവണ പാട്ടുംപാടി ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യയില്‍ നിന്നും സീറ്റ് എല്‍.ഡി.എഫിന്റെ കെ. രാധാകൃഷ്ണന്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ ആലപ്പുഴയില്‍ വിജയം നേടിയ ആരിഫിന് ഇത്തവണ ആദ്യം മുതല്‍ പിന്നില്‍ പോകാനായിരുന്നു വിധി. അതേസമയം ആലപ്പുഴയില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ പതിവ് പോലെ മത്സരിക്കുന്ന സ്ഥലത്ത് വോട്ടുഷെയര്‍ വര്‍ദ്ധിപ്പിക്കുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചു. 2,84,524 വോട്ടുകള്‍ അവര്‍ നേടി. മറുവശത്ത് തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തോല്‍വി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇത് വരും ദിവസങ്ങളില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ഇത് വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും. 3,22,102 വോട്ടുകളാണ് കെ. മുരളീധരന് കിട്ടിയത്. എല്‍ഡിഎഫിന്റെ വി.എസ്. സുനില്‍കുമാര്‍ 3,30,446 വോട്ടുകള്‍ നേടിയിരുന്നു. 4,04,450 വോട്ടുകള്‍ നേടിയ സുരേഷ്‌ഗോപി 74,004 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.