ന്യൂഡല്‍ഹി: നാനൂറു സീറ്റുകള്‍ നേടി പാട്ടുംപാടി ജയിക്കാനിറങ്ങിയ നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും വാരിക്കുഴിയൊരുക്കി 'ഇന്ത്യ' സഖ്യം. എന്‍ഡിഎ സഖ്യം 295 ലും ഇന്ത്യ സഖ്യം 230 ലും മുന്നേറുകയാണ്. കണക്കില്‍ എന്‍ഡിഎ മുന്നണിയ്ക്കു കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നില ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു തവണത്തേതില്‍ വ്യത്യസ്തമായി ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ല. മാത്രമല്ല, ടിഡിപി, ജെഡിയു എന്നിവരൊക്കെ മലക്കം മറിഞ്ഞാല്‍ കാളിമാറും. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലംഅതിശയിപ്പിക്കുന്ന രാഷ്ട്രീയ മാറ്റമാണ് രാജ്യമൊട്ടാകെയുണ്ടായിരിക്കുന്നത്. ഇത്തവണ ശക്തമായൊരു പ്രതിപക്ഷം ഉണ്ടായിരിക്കും എന്നതാണ് ഒന്നാമത്തേത്.
ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ഇന്ത്യ മുന്നണിയുടെ തേരോട്ടം ആണ് ബിജെപിയെ കുഴപ്പത്തിലാക്കിയത്. കേന്ദ്ര മന്ത്രിമാരെയും സംസ്ഥാന മന്ത്രിയെയും പിന്നിലാക്കിയാണ് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും യുപിയില്‍ കുതിക്കുന്നത്. കേന്ദ്രമന്ത്രിയായ സ്‌മൃതി ഇറാനി അമേഠിയില്‍ പിന്നിലാണ്. ഖേരി മണ്ഡലത്തില്‍ കേന്ദ്ര സഹമന്ത്രിയായ അജയ് കുമാര്‍ മിശ്ര പിന്നിലാണ്. മോഹന്‍ലാല്‍ഗഞ്ചില്‍ കേന്ദ്രമന്ത്രിയായ കൗശല്‍ കിഷോറും പിന്നിലാണ്.
യുപി മന്ത്രി ജൈവീര്‍ സിംഗും എംഎല്‍എസി സാകേത് മിശ്രയും പിന്നിലാണ്. യുപിയില്‍ 36 സീറ്റിലാണ് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി മുന്നിലെത്തിയത്. ഏഴ് സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. ബിജെപി 33 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. എന്തിനേറെ മോദിയുടെ ലീഡ് പോലും വലിയ തോതില്‍ ഇടിഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മണിപ്പൂരിലെ രണ്ട് സീറ്റിലും മുന്നില്‍ കോണ്‍ഗ്രസ് ആണ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ അന്‍ഗോംച്ച ബിമോള്‍ ഏകോപിജം, ഔട്ടര്‍ മണിപ്പൂരിലെ കോങ്ങാഴ്സിന്റെ ആല്‍ഫ്രഡ് കണ്‍ഗം എസ് ആര്‍തറും ലീഡ് നിലയില്‍ മുന്നിലാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുളളൂ. എന്നാലിപ്പോള്‍ കുറച്ചു സീറ്റുകളില്‍ മത്സരിച്ചിട്ടും തനിച്ചു 100 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്
അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായാരുന്നു ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം വിദ്വേഷ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രിതന്നെ രംഗത്തെത്തി. ഇത് വലിയ തിരിച്ചടിയുണ്ടാക്കി.