രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞേക്കും, പകരം പ്രിയങ്ക വരുമോ?
കല്‍പ്പറ്റ: വയനാടിന് പുറമെ സോണിയാഗാന്ധിയുടെ പഴയ മണ്ഡലമായ യു.പിയിലെ റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞേക്കും. പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് സൂചന. നെഹ്റു കുടുംബത്തില്‍ നിന്നുതന്നെയുള്ള പ്രിയങ്ക മത്സരിക്കുന്നതില്‍ വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാവുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
എന്നാല്‍, ഇക്കാര്യം നേതാക്കള്‍ സ്ഥിരീകരിക്കുന്നില്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷമാകും രാഹുല്‍ എത് മണ്ഡലം നിലനിറുത്തണമെന്നതിനെക്കുറിച്ചടക്കം അന്തിമമമായി തീരുമാനിക്കുകയെന്ന് നേതാക്കള്‍ പറയുന്നു.
രാഹുല്‍ വയനാട് മണ്ഡലം ഒഴിയുകയും പകരം പ്രിയങ്ക എത്തുകയും ചെയ്താല്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
റായ്ബറേലി രാഹുല്‍ നിലനിര്‍ത്തും. കാരണം രാഹുലിന്റെ യുപിയിലെ സാന്നിധ്യം അവിടെ കോണ്‍ഗ്രസിനും 'ഇന്ത്യ' സഖ്യത്തിനും നേട്ടമായിരുന്നു.
വയനാട്ടില്‍ 364422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചു കയറിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ വയനാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ആനി രാജയ്ക്ക് 283023 വോട്ടുകളാണുള്ളത്. വയനാട്ടിലും രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പോലും വോട്ടായി നേടാനായില്ല.
വയനാട്ടില്‍ രാഹുലിനെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ 141045 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധിയ്ക്ക് ആകെ ലഭിച്ച വോട്ടിന്റെ മൂന്നിലൊന്ന് വോട്ടുകള്‍ പോലും നേടാന്‍ സുരേന്ദ്രനായില്ല. റായ്ബറേലിയില്‍ ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗിനെ 388742 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാഹുലിന്റെ തേരോട്ടം.