ജര്‍മനിയില്‍ നഴ്‌സായ ഭാര്യയുടെ മുഴുവന്‍ ശമ്പളവും ആവശ്യപ്പെട്ട് യുവാവ് ബന്ധുക്കളെ തീകൊളുത്തി
ചെറുതോണി: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യാമാതാവിനേയും ഭാര്യാസഹോദരന്റെ മൂന്നുവയസ്സുള്ള മകളേയും വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ചു. പൈനാവ് അമ്പത്താറ് കോളനിയില്‍ താമസിക്കുന്ന കൊച്ചുമലയില്‍ അന്നക്കുട്ടി (62), കൊച്ചുമകള്‍ ലിയ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അന്നക്കുട്ടിയേയും ലിയയേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് സന്തോഷാണ് (50) പ്രതി. ഇയാളുടെ ഭാര്യ പ്രിന്‍സിയുടെ സഹോദരന്‍ ലിന്‍സിന്റെ മകളാണ് പൊള്ളലേറ്റ കുഞ്ഞ്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരയുകയാണ്.
സന്തോഷിന്റെ ഭാര്യ പ്രിന്‍സി ജര്‍മനിയില്‍ നഴ്സാണ്. ഭാര്യയുടെ മുഴുവന്‍ ശമ്പളവും തനിക്കുവേണമെന്ന ആവശ്യവുമായി എത്തിയ ഇയാള്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം. അന്നക്കുട്ടിയുടെ വീട്ടിലെത്തിയ സന്തോഷ് വഴക്കുണ്ടാക്കി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ അന്നക്കുട്ടിയുടേയും ഒക്കത്തിരുന്ന ലിയയുടേയും ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. അന്നക്കുട്ടി ബഹളം വെക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും തീപടര്‍ന്നു. ഇതോടെ ഇയാള്‍ ഓടി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലാക്കിയത്. അന്നക്കുട്ടിയുടെ മുഖത്തും നെഞ്ചത്തുമായി നാല്‍പ്പത് ശതമാനം പൊള്ളലേറ്റു. ലിയ കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തിലാണ്. 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതി സന്തോഷിന്റേയും പ്രിന്‍സിയുടേയും കുട്ടിയും ഈ വീട്ടില്‍ത്തന്നെയാണ് താമസിക്കുന്നത്. സ്വന്തം കുട്ടിയെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന് സഹോദരന്‍ സുഗതന്റെ വീട്ടിലാക്കിയതിനുശേഷമാണ് ഇയാള്‍ ക്രൂരത ചെയ്തത്.
സന്തോഷിന്റേയും പ്രിന്‍സിയുടേയും രണ്ടാം വിവാഹമാണ് ഇത്. തോപ്രാംകുടി സ്വദേശിയായ സന്തോഷ് തൊടുപുഴയില്‍ ചായക്കച്ചവടം നടത്തുകയാണ്. വിവരമറിഞ്ഞ്, അന്നക്കുട്ടിയുടെ ബന്ധുക്കള്‍ വൈകീട്ട് ചെറുതോണിയിലെത്തി സന്തോഷിന്റെ സഹോദരന്‍ സുഗതന്റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.