'ഞാന്‍ തല്ലിയത് എന്റെ അമ്മയ്ക്ക് വേണ്ടി'; നടി കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ
വിമാനത്താവളത്തില്‍ വെച്ച് നിയുക്ത ലോക്‌സഭാ എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാട്ടിനെ തല്ലിയതിന്റെ കാരണം വ്യക്തമാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് താന്‍ കങ്കണ റണാട്ടിനെ തല്ലിയതെന്ന് അവര്‍ വ്യക്തമാക്കി. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരമിരിക്കുന്നതെന്ന് സമര സമയത്ത് കങ്കണ പറഞ്ഞിരുന്നു. ഇതാണ് കുല്‍വീന്ദര്‍ കൗറിനെ ചൊടിപ്പിച്ചത്.
2020-21 ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുല്‍വീന്ദര്‍ കൗര്‍ പറയുന്നത് വീഡിയോയില്‍ കാണാം. കങ്കണ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറയുന്നു. 100 രൂപ കൊടുത്താല്‍ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ വിഡിയോയില്‍ ചോദിക്കുന്നുണ്ട്.
കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്നയാളാണ് കുല്‍വീന്ദര്‍ കൗര്‍. കുല്‍വീന്ദര്‍ കൗറിന്റെ സഹോദരനും കര്‍ഷകനാണ്. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുല്‍വീന്ദര്‍ കൗറിനെ സസ്‌പെന്‍ഡ് ചെയ്തു. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ കങ്കണയെ കരണത്തടിച്ചത്.