'പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ പിണറായി
എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാട് ഒറ്റക്കെട്ടായി നിന്നു. അത് കേരളത്തിന് മാത്രം കഴിയുന്നതാണെന്നും ഈ നാട് ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കവച്ച കുറിപ്പിലായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഭദ്രസനാധിപന്‍ പറഞ്ഞിരുന്നു.
'എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തില്‍' ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല’.- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.