സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച മോദിക്കൊപ്പം
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്‌ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വ്യക്തി കൂടിയാണ് സുരേഷ്‌ഗോപി. അതേസമയം കേരളത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിക്കുമെന്നും താരം വ്യക്തമാക്കി.
2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന് അഞ്ചു വര്‍ഷത്തേക്ക് എംപിയായിട്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംപിയെന്ന നിലയില്‍ ഡല്‍ഹിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി ഡല്‍ഹിയില്‍ വച്ച് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗം എന്ന ഭാരം തലയില്‍ എടുത്തുവയ്ക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.