അങ്കമാലി: എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‍വിന്‍ (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം.
താഴത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപടര്‍ന്നു. ബിനീഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിക്കാണ് തീപിടിച്ചത്. തീ അണച്ചപ്പോഴേക്കും ഇവര്‍ വെന്തുമരിച്ചിരുന്നു.
മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യന്‍. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്‌വിന്‍ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.