പിടിവിട്ടു നിന്ന ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കി സിപിഎമ്മിന്റെ ത്യാഗം
തിരുവനന്തപുരം: ഘടകകക്ഷികളില്‍ നിന്നും സീറ്റുകള്‍ വിഴുങ്ങാറുള്ള സിപിഎം മാണിഗ്രൂപ്പിനായി രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തു. കോട്ടയം ലോക് സഭാ സീറ്റില്‍ മത്സരിച്ചു തോല്‍ക്കുകയും രാജ്യസഭാ സീറ്റില്‍ കാലാവധി പൂര്‍ത്തിയാവുകയും ചെയ്ത കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തുന്നതിനായാണ് സിപിഎം വലിയ ത്യാഗം ചെയ്തത്. തങ്ങളുടെ സീറ്റു കൊടുക്കില്ലെന്ന് സിപിഐ ശഠിച്ചതോടെ സിപിഎമ്മിന് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടി നില്‍ക്കുന്ന സാഹചര്യത്തില്‍ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായിരുന്നു.
മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ പിടിച്ചു നില്‍ക്കാന്‍ മധ്യകേരളത്തില്‍ മാണി ഗ്രൂപ്പിന്റെ സഹായം വേണമെന്ന ബോധ്യത്തിലാണത്. എംപിസ്ഥാനം പോയി പാര്‍ട്ടി പിടിവിട്ടു നിന്ന അവസരത്തില്‍ സിപിഎമ്മിന്റെ ഉദാരമനസ്കത ജോസ് കെ മാണിയ്ക്കും കൂട്ടര്‍ക്കും വലിയ ആശ്വാസം ആകുകയും ചെയ്തു. മന്ത്രിസ്ഥാനം പോലും ലഭിക്കാതെപോയ ജോസ് കെ മാണിയ്ക്ക് പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്താന്‍ എംപി സ്ഥാനം കൂടിയേ തീരു എന്ന അവസ്ഥയിലായിരുന്നു. അതിനായി അവര്‍ എത്ര കടുത്ത തീരുമാനത്തിനും തയാറായിരുന്നു.
രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാര്‍ട്ടിയായാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പ്രശ്നമുണ്ടാക്കുന്നതാണെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ജോസ് കെ. മാണി മുഖ്യമന്ത്രിയെയും സിപി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും അറിയിച്ചിരുന്നു. രാജ്യസഭാസീറ്റില്‍ ഘടകകക്ഷികള്‍ക്കുവേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന രീതി സിപിഎം സാധാരണ സ്വീകരിക്കാറില്ല.
ഒരു കാബിനറ്റ് പദവി കേരള കോണ്‍ഗ്രസിന് വാഗ്ദാനംചെയ്തുള്ള അനുനയ നീക്കമായിരുന്നു സിപിഎമ്മിന്റെ ആദ്യ പരിഗണനയിലുണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കുപിന്നാലെ ഒരു കാബിനറ്റ് പദവി സൃഷ്ടിക്കുന്നത് ജനവികാരം എതിരാക്കുമെന്ന ബോധ്യത്തിലാണ് സിപിഎം പിന്നിലേക്ക് പോയതെന്നാണ് വിവരം.
അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയില്‍ ഒരുകക്ഷിക്ക് ബ്ലോക്ക് ആയി നില്‍ക്കാനുള്ള പരിഗണന ലഭിക്കൂ. കേരളത്തിലെ രാജ്യസഭാസീറ്റിലൊന്ന് ഉപേക്ഷിച്ചാല്‍ രാജ്യസഭയില്‍ ഈ പരിഗണന സിപിഎമ്മിന് നഷ്ടമാകും. ഏതായാലും സിപിഎമ്മിന്റെ ധര്‍മ്മസങ്കടം ജോസ് കെ മാണിയ്ക്ക് നേട്ടമായി.