കുവൈറ്റിലെ തൊഴിലാളി ക്യാമ്പി ലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. നിരവധി മലയാളികള്‍ക്ക് പരിക്കുണ്ട്. ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചത് 26 മലയാളികളെന്ന് നോര്‍ക്ക അറിയിച്ചു. മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെണെന്നും 24 മലയാളികള്‍ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോര്‍ക്ക ഡെസ്‌കില്‍നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പിവി മുരളീധരന്‍ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു48),തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഇന്ത്യയില്‍ നിന്ന് തിരിച്ച കേന്ദ്രവിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് രാവിലെ കുവൈറ്റില്‍ എത്തും. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേന വിമാനം സജ്ജമായി. കുവൈത്ത് മഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപടര്‍ന്നത്. അപകടത്തെ കുറിച്ച് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.
5 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ദുരന്തം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം പത്ത് മണിക്ക് ചേരും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കൊല്ലം സ്വദേശി ലൂക്കോസ് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് ദുരന്തം.
വെളിച്ചിക്കാല സ്വദേശി സാബു എന്ന ലൂക്കോസ് 18 വര്‍ഷമായി കുവൈറ്റിലായിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ്ടു പാസായ മൂത്ത മകള്‍ ലിഡിയയുടെ നഴ്‌സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് മരണം വിവരം അറിഞ്ഞത്. ആദ്യം കുവൈത്തിലെ സുഹൃത്തുക്കള്‍ ലൂക്കോസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുനേരത്തേക്ക് ലഭിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ലൂക്കോസ് അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഉച്ച കഴിഞ്ഞാണ് അദ്ദേഹം ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. ആ സമയത്തും മരണം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീടാണ് മരണവിവരം അറിഞ്ഞത്.'-ന്ധു പറഞ്ഞു.
മാതാപിതാക്കള്‍, ഭാര്യ ഷൈനി, മൂത്ത മകള്‍ 17കാരി ലിഡിയ, പത്തു വയസുകാരി ലൂയിസ് എന്നിവര്‍ അടങ്ങുന്നതായിരുന്നു ലൂക്കോസിന്റെ കുടുംബം.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. കെട്ടിടത്തിള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍ കിടന്നിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കുവൈറ്റിലെ ഇന്ത്യന്‍ ഏംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. + 965-65505246 .എല്ലാവിധ സഹായവും എത്തിക്കുമെന്നും ഏംബസി അറിയിച്ചു.
തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരാണ് ഈ തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.