കുവൈറ്റില്‍ പൊലിഞ്ഞ 24 മലയാളിക്കടക്കം 49 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട് ഏറ്റുവാങ്ങി
കുവൈറ്റില്‍ തീപിടുത്തതില്‍ പൊലിഞ്ഞ 24 മലയാളിക്കടക്കം 49 ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. സ്വന്തം കുടുംബത്തിനായി ഏറെ സ്വപ്നങ്ങളുമായി പോയി വിധിയുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന ഏവരെയും ദുഃഖത്തിലാഴ്ത്തി. 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തേങ്ങലുകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു വിമാനവത്താവളം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വദ്ധന്‍ സിംഗും വിമാനത്തിലുണ്ടായിരുന്നു. എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി 11.49 ഓടെയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
മൃതദേഹങ്ങളില്‍ 24 മലയാളികളും ഏഴ് തമിഴ്‌നാട്ടുകാരും ഒരു കര്‍ണാടക സ്വദേശിയുമാണുള്ളത്. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മുംബൈയിലുള്ള മലയാളി ഡെന്നി ബേബി അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിക്കു തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈറ്റ് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മന്റെും ശരിയായ രീതിയില്‍ ഇടപെട്ടു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെന്‍ജി കെ.എസ്. മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.
മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.
വൈത്ത് മഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപടര്‍ന്നത്. അപകടത്തെ കുറിച്ച് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. കെട്ടിടത്തിള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍ കിടന്നിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരാണ് ഈ തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.