കുവൈറ്റിലെ തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പൊള്ളലേറ്റല്ല പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.കനത്ത പുക കാരണം അകത്തുള്ളവര്‍ക്കു പുറത്തുപോകാനായില്ല
അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. അതേസമയം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് മലയാളികള്‍ അപകട നില തരണം ചെയ്തതായും വിവരമുണ്ട്.
മരിച്ചവരിവരുടെ എണ്ണം കേരളം- 23, തമിഴ്നാട്- ഏഴ്, ഉത്തര്‍പ്രദേശ്- നാല്, ആന്ധ്രാപ്രദേശ്- മൂന്ന്, ബിഹാര്‍- രണ്ട്, ഓഡീഷ- രണ്ട്, ജാര്‍ഖണ്ഡ്- ഒന്ന്, കര്‍ണാടക- ഒന്ന്, മഹാരാഷ്ട്ര- ഒന്ന്, പഞ്ചാബ്- ഒന്ന്, പശ്ചിമ ബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ്. മരിച്ചവരില്‍ ഒരാള്‍ മുംബൈ മലയാളിയാണ്
അതിനിടെ, തീപിടിത്തത്തില്‍ 50 ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങള്‍ പറയുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.