യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മലയാളി നഴ്‌സ് കൂടി കാന്‍സറിന് കീഴടങ്ങി യാത്രയായി. കാംബ്രിയയില്‍ താമസിച്ചിരുന്ന കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശിനിയായ ഷൈനി ജോഷിയാണ് (54) ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയത്. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് മാതാവിന്റെ വിയോഗം.
നേഹ, റിയ എന്നിവരാണ് മക്കള്‍. മൂത്ത മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ ദിവസം പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു.
ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്‌നി ഷൈനിയുടെ സഹോദരിയാണ്. മരണ വിവരമറിഞ്ഞു മാത്യുവും കുടുംബവും കാംബ്രിയയിലൈക്ക് പോന്നിട്ടുണ്ട്. തുടര്‍ന്നാകും മറ്റു കാര്യങ്ങളില്‍ കുടുംബം തീരുമാനം എടുക്കുക.
പീറ്റര്‍ബറോയില്‍ താമസിച്ചിരുന്ന നഴ്സ് നിഷ എബ്രഹാമി(44)നെ ഒരാഴ്ച മുമ്പാണ് മരണം തട്ടിയെടുത്തത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന നിഷ. 2021 ല്‍ നിഷയ്ക്ക് കാന്‍സര്‍ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി രോഗം വീണ്ടും നിഷയെ കീഴടക്കുകയായിരുന്നു.