ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.
റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കുന്നതായി സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി എക്സില്‍ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സുനാകുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചെന്നും സെമി കണ്ടക്ടര്‍, സാങ്കേതിക വിദ്യ, വാണിജ്യ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി തുടങ്ങിയവരുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.