ലോക്സഭാ തെരെഞ്ഞടുപ്പിലെ ദയനീയ തോല്‍വി സിപിഎമ്മിലെ 'മിന്നല്‍പ്പിണറായി'ക്കാലത്തിന്റെ അസ്തമയത്തിന്റെ തുടക്കം! രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പാര്‍ട്ടിയിലെ പിണറായിയുടെ അപ്രമാദിത്തത്തിനു കോട്ടമുണ്ടായിരിക്കുകയാണ്. വിഎസ് കളമൊഴിഞ്ഞതോടെ സിപിഎമ്മിലെ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി പിണറായി വിജയന്‍ വിലസിവരുകയായിരുന്നു. പണ്ട് വിഎസിനെതിരെ പിണറായി പക്ഷം ആരോപിച്ചിരുന്ന വ്യക്തി പൂജ, ആരാധന എന്നിവ പിണറായിയില്‍ അവര്‍ തന്നെ അലങ്കാരമാക്കി.
ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണം നേടാനായതോടെ പിണറായി സര്‍വാധികാരിയായി. സീനിയര്‍ നേതാക്കളെ ഒന്നടങ്കം വെട്ടി മന്ത്രിസഭയുണ്ടാക്കി. തന്നെക്കാള്‍ ജനപ്രീതിയുണ്ടാക്കിയ കെകെ ശൈലജയെ മൂലയ്ക്കിരുത്തി. പ്രാധാന്യമേറിയ വകുപ്പുകള്‍ പുതുമുഖമായ മരുമോന് സമ്മാനിച്ചു. പാര്‍ട്ടി സംവിധാനവും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ കാഴ്ചക്കാരായി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കടുത്ത ജനരോഷം നേരിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മന്ത്രിമാരുടെ ധൂര്‍ത്ത്, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, വിലക്കയറ്റം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി, പിന്‍വാതില്‍ നിയമനം, ഗുണ്ടായിസം എന്നുവേണ്ട ജനത്തെ പൊറുതിമുട്ടിക്കുന്ന എല്ലാനടപടികളും ഉണ്ടായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള മാസപ്പടി വിവാദം, ബിനാമി ഇടപാട്, കമ്മീഷന്‍ രാജ് ആരോപണം ഇതൊക്കെ മുഖം നഷ്ടപ്പെടുത്തി. തള്ള് മാത്രമായി ഭരണം മാറി. അതിനിടയ്ക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നത്.
ദുര്‍ബലമായ പ്രതിപക്ഷവും കോണ്‍ഗ്രസിലെ അടിയും ഇടതുമുന്നണിയ്ക്കു കരുത്താകുമെന്നായിരുന്നു പിണറായിയും കൂട്ടരും പ്രതീക്ഷിച്ചത്. എന്നാല്‍ യുഡിഎഫിന് അവരെപോലും ഞെട്ടിച്ച ഭൂരിപക്ഷം നല്‍കിയാണ് ജനം രണ്ടാം പിണറായി സര്‍ക്കാരിനോടുള്ള കലിപ്പ് തീര്‍ത്തത്. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ മികവ് കൊണ്ടുമാത്രം 'സംപൂജ്യര്‍' ആയില്ലെന്നു മാത്രം.
സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാര്‍ഷ്ട്യവും ജനവിരുദ്ധതയും മുന്നണി നേതാക്കളും 'പോരാളി ഷാജി' അടക്കമുള്ള സൈബര്‍ വിങ്ങും പരസ്യമായി പറഞ്ഞു തുടങ്ങിയതോടെ പതിവുപോലെ പിണറായി രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് തോല്‍വിയെ നിയമസഭയില്‍ പഴയ കണക്കുകള്‍ വച്ച് ന്യായീകരിക്കുകയും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത് മാറുമെന്നും പറഞ്ഞുവെച്ചു. എന്നാല്‍ പിണറായിയുടെ ഈ ന്യായീകരണം പാര്‍ട്ടിയ്ക്ക് ദഹിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണങ്ങള്‍ സിപിഎം ഇതാദ്യമായി തള്ളാനുള്ള ധൈര്യം കാണിച്ചു . ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 2019നെ അപേക്ഷിച്ച് 1.75 ശതമാനവും 2014നെ അപേക്ഷിച്ച് ഏഴ് ശതമാനവും വോട്ട് കുറഞ്ഞതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ഇതിന്റെ കാരണം കൃത്യമായി പഠിച്ച് താഴേതട്ടില്‍ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുനഷ്ടത്തിന്റെ കാരണം ജനങ്ങളോട് തുറന്നുപറയും. തെറ്റായ പ്രവണതകള്‍ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ കാര്യങ്ങള്‍ തിരുത്തും. ഇത്തവണ യു.ഡി.എഫിന് 18 ലോക്സഭ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിനു കിട്ടിയില്ല. പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നുമാണ് വിലയിരുത്തല്‍ . പാര്‍ട്ടിയില്‍ വിശ്വസിച്ച് എക്കാലവും ഒപ്പം നിന്നിരുന്ന വിഭാഗം ബിജെപിയിലേക്ക് ചായുന്നുവെന്നതും പാര്‍ട്ടി നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. തദ്ദേശതിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരിഞ്ഞെടുപ്പും വരാനിരിക്കെ, ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു ശക്തമായ തിരുത്തല്‍ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കേരളത്തില്‍ പോവുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായി വിലയിരുത്തല്‍ നടത്തിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയം ചര്‍ച്ച ചെയ്ത് വിലയിരുത്തുമെന്ന് യെച്ചൂരി മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നതെന്നാണ് സൂചന. കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. 19 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യെച്ചുരിയുടെ നീക്കം.
രാജ്യത്തു സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കേരളം. ബംഗാളിലും ത്രിപുരയിലുമൊന്നും ഇനിയൊരു തിരിച്ചുവരവ് അപ്രാപ്യമാണ്. കേരളം കൂടി കൈവിട്ടാല്‍ സ്ഥിതി പരുങ്ങലിലാവും. അതുകൊണ്ടുതന്നെ വാലിന് തീപിടിച്ചപോലെ മുഖ്യമന്ത്രിയെ 'പേടിക്കാതെ' പാര്‍ട്ടി പിടി മുറുക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.