ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; മൂന്ന് ബോഗികള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചരക്കു ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ 3 ബോഗികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം അപകടം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകര്‍ന്ന കോച്ചിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അസമിലെ സില്‍ച്ചാറിൽ നിന്ന് കൊല്‍കത്തയിലെ സീല്‍ദയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്‌പ്രസാണ് അപകടത്തില്‍പ്പെട്ടത്. പിന്നില്‍ നിന്ന് വന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയിട്ടുണ്ട്.
ബംഗാളിനെ വടക്കുകിഴക്കന്‍ നഗരങ്ങളായ സില്‍ച്ചാര്‍, അഗര്‍ത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചന്‍ജംഗ എക്സ്പ്രസ്. വടക്കുകിഴക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്. ഈ ലൈനിലെ അപകടം മറ്റ് നിരവധി ട്രെയിനുകളുടെ നീക്കത്തെ ബാധിച്ചേക്കാം. അതേസമയം ഡോക്ടര്‍മാരും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തിയതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ട്രെയിന്‍ അപകടം ഞെട്ടലുണ്ടാക്കിയെന്നും മമത പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിദുഃഖം രേഖപ്പെടുത്തി.