മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി 40,000 ഡോളര്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍
യെമന്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന പ്രാരംഭ ചര്‍ച്ചകള്‍ക്കായി നാല്‍പ്പതിനായിരം ഡോളർ കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി.
പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. തുടർന്നാണ് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്.
പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് തുക കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
സനയിലെ ജയിലിലാണ് വര്‍ഷങ്ങളായി നിമിഷപ്രിയ ഉള്ളത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രേമകുമാരിയും ആക്‌ഷൻ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലെ അദെന്‍ നഗരത്തിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. സനയിലെ എയര്‍ലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗണ്‍സില്‍ അംഗമായ തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോം.
ബ്ലഡ് മണി നല്‍കി ഇരയുടെ കുടുംബവുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കള്‍ മാപ്പുനല്‍കിയാല്‍ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. 2017ല്‍ പാസ്പോര്‍ട്ട് തിരികെ എടുക്കാനായി യെമന്‍ പൗരന്‍ തലാല്‍ അബ്‌ദോ മഹദിയെ ഉറക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.