യുകെയില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഒളിവില്‍ പോയ പ്രതി പിടിയില്‍
യുകെയിലടക്കം കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പല ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പേരില്‍ നിന്ന് അഞ്ചു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളംബസ് ജോബ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേളംപറമ്പില്‍ ജോബി ജോസ് (28) ആണു പിടിയിലായത്.
2022ല്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനം വഴി യുകെയില്‍ കെയര്‍ടേക്കര്‍ ജോലികള്‍ക്കു വിസ നല്‍കാമെന്നു സമൂഹമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഈ തസ്തികകളില്‍ 600 ഒഴിവുകള്‍ യുകെയിലുണ്ടെന്നു വിശ്വസിപ്പിച്ച് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെയാണു പ്രതി ഓരോരുത്തരില്‍ നിന്ന് ഈടാക്കിയത്.
ഏറെ നാള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി. തൊടുപുഴയിലെ സ്ഥാപനത്തില്‍ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും അടച്ചു പൂട്ടിയിരുന്നു.
വ്യാപകമായി പരാതികള്‍ വന്നതോടെ ജോബി ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടെ ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് വഴി ജോബി നേപ്പാളിലേക്കു കടന്നിരുന്നു.
കഴിഞ്ഞ ദിവസം നേപ്പാളില്‍ നിന്നു തിരികെ ഇന്ത്യയിലേക്കു കടക്കാനായി അതിര്‍ത്തിയായ യുപിയിലെ സൊനൗലിയിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.