യുകെയില്‍ എത്തി ആറു മാസം മാത്രമായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ താമസിക്കുന്ന കോഴിക്കോട് മരുതോങ്കര സ്വദേശി നോബിള്‍ ജോസ് (42) ആണ് വിടപറഞ്ഞത്. രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിള്‍ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
നോബിളിന് രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ സാധാരണജീവിതം നയിച്ചു പോകവേ കടബാധ്യതകള്‍ തീര്‍ക്കുന്നതടക്കം ജീവിത സ്വപ്നങ്ങളുമായി യുകെയിലേക്ക് വരുവാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കുംബ്രിയായില്‍ എത്തിയ നോബിള്‍, വൈറ്റ്ഹാവന്‍, കെല്‍സ് സെന്റ് മേരീസ് സിറോമലബാര്‍ കമ്മ്യുണിറ്റിയില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രാര്‍ത്ഥനാ കൂട്ടായ്മയിലും ക്യാറ്റകിസം പഠിപ്പിക്കുവാനും അടക്കം പള്ളിക്കാര്യങ്ങളിലെല്ലാം ഏറെ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നോബിള്‍ തന്റെ ഭവനത്തില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രഥമ മീറ്റിംഗ് നടത്തുന്നതിലേക്ക ആളുകളെ ക്ഷണിച്ചു ഒരുങ്ങിയിരിക്കെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.
നോബിള്‍ ജോസ്, കോഴിക്കോട്, മരുതോങ്കരയില്‍, വള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. നാട്ടില്‍ സെന്റ് മേരീസ് ഫൊറോനായില്‍ ഇടവകാംഗമാണ്. വയനാട്ടില്‍, മാനന്തവാടി തുടിയന്‍ പറമ്പില്‍ കുടുംബാംഗമാണ് ഭാര്യ അജീന ജോസ് വെസ്റ്റ് കുംബര്‍ലാന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്സിങ്ങ് ജോലിക്കായി എട്ടു മാസം മുമ്പാണ് എത്തുന്നത്. നോബിളും മക്കളായ ജൊഹാന്‍ (12) അലീഷ (10) എന്നിവരും പിന്നീട് എത്തുകയായിരുന്നു.