ബാര്‍ബഡോസ്: ഫലങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 ലോകകിരീടം.പതിനേഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ ട്വന്റി-20 ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഉറങ്ങാതെ രാജ്യം അത് ആഘോഷിച്ചു. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും കൊച്ച് രാഹുല്‍ ദ്രാവിഡിനും യുവതലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം.
27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കന്‍ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ക്ലാസ്സന് 5 ഫോറും2 സിക്സും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയ സമയത്താണ് ഹാര്‍ദിക് വിക്കറ്റ് എടുക്കുന്നത്. ബുംറ പതിവുപോലെ രണ്ടാം വരവില്‍ നാശം വിതച്ചതും സൂര്യ കുമാര്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ എടുത്ത അസാധ്യ ക്യാച്ചും ഇന്ത്യയെ വിജയതീരത്തു എത്തിച്ചു.
ക്വിന്റണ്‍ ഡി കോക്ക് (39), ട്രിസ്റ്റന്‍ സ്റ്റബ്സ് (31), ഡേവിഡ് മില്ലന് (21) എന്നിവരും തിളങ്ങിപൊരുതി. ഇന്ത്യയ്ക്കായി ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 3 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയെ തോല്‍വിയിലേക്ക് തള്ളിവിട്ടു. കോലി പ്ലെയര്‍ ഓഫ് ദി മാച്ചും മികച്ച ഇക്കോണമിയില്‍ 15 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ബുംറ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ആയി.
ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു. കിരീടനേട്ടം ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഭിമാനമാണെന്നും മോദി പറഞ്ഞു.
ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.