എന്‍ എച്ച് എസില്‍ ചികിത്സ ലഭിക്കാന്‍ വൈകുന്നതുമൂലം നൂറു കണക്കിന് ഹൃദ്രോഗികള്‍ മരണമടയുന്നതായി വിദഗ്ധര്‍ . കാര്‍ഡിയോളജിസ്റ്റ് സ്പെഷ്യലിസ്റ്റുകളെ കാണുന്നതിനായി പല രോഗികള്‍ക്കും ഒരു വര്‍ഷം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. ഈ കാലതാമസം നൂറുകണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ആവശ്യമായ പരിശോധനകളും ചികിത്സകളും കൃത്യ സമയത്ത് നടത്തിയിരുന്നെങ്കില്‍ ഇതില്‍ പല മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും അവര്‍ പറയുന്നു.
ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട, ശ്വാസതടസ്സം, അതിയായ ക്ഷീണം, കാല്‍ക്കുഴകളിലെ വീക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ജി പി മാരെ സമീപിക്കുന്ന രോഗികള്‍ക്ക്, ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം വരെയെങ്കിലും കാത്തിരിക്കേണ്ടതായി വരുന്നു എന്നാണ്. പല ഹൃദ്രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തവയാണെങ്കിലും, സമയാ സമയങ്ങളില്‍ നല്‍കുന്നചികിത്സകളും മരുന്നുകളും ഒരുപക്ഷെ രോഗികളുടെ ആയുസ്സ് നീട്ടാന്‍ സഹായിച്ചേക്കും.
എന്നാല്‍, ചികിത്സാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്ന് നിര്‍ദ്ദേശിക്കുന്നതില്‍ നിന്നും ജി പി മാരെ തടയുന്നുണ്ട്. ഹൃദ്രോഗ ചികിത്സയില്‍ ഉപയോഗിക്കുന്നചില മരുന്നുകള്‍ അവര്‍ക്ക് പ്രമേഹ ചികിത്സയിലും വൃക്കരോഗ ചികിത്സയിലും ഉപയോഗിക്കാമെങ്കിലും ഹേദ്രോഗത്തിനായി നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. തത്ഫലമായി രോഗികള്‍ രോഗം ഗുരുതരമായി ആശുപത്രികളെ അഭയം പ്രാപിക്കേണ്ടി വരുന്നതായും, സ്പെഷ്യലിസ്റ്റിന്റെ സേവനം ലഭ്യമാകാതെ മരണമടയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 8000 ല്‍ അധികം രോഗികളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
യു കെയില്‍ ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ വര്‍ഷവും 2 ലക്ഷം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.