മണിപ്പൂരില്‍ കലാപത്തിന് പ്രേരണ: യുകെയിലെ ഇന്ത്യന്‍ പ്രൊഫസര്‍ക്കെതിരേ കേസ്
മണിപ്പൂരില്‍ വംശീയ കലാപമുണ്ടാക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രേരിപ്പിച്ചതിന് യുകെയിലെ ഇന്ത്യന്‍ വംശജനെതിരെകേസ്. യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ഉദയ് റെഡ്ഡിക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ ഒരു പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മണിപ്പൂരില്‍ മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി റെഡ്ഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ടോക്ക് സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. കൂടാതെ പ്രതിയ്ക്ക് കാനഡയിലെ ഖാലിസ്ഥാനി ഘടകങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
' ഉദയ് റെഡ്ഡി മനഃപൂര്‍വം മെയ്തിയുടെ മതവിശ്വാസങ്ങളെ അപമാനിക്കുകയും മതപരമായ കാര്യങ്ങളുടെ പേരില്‍ മെയ്തികളും മറ്റ് സമുദായങ്ങളും തമ്മില്‍ ശത്രുത വളര്‍ത്തുകയും ചെയ്തു,' പരാതിക്കാരന്‍ എഫ്‌ഐആറില്‍ ആരോപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെയും കൂട്ടാളികളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും അതിനാല്‍ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാനഡയിലെ ഖാലിസ്ഥാനികളുമായോ നാര്‍ക്കോഭീകര ഗ്രൂപ്പുകളുമായോ ബന്ധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികളുടെ കോള്‍ റെക്കോര്‍ഡുകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ നിയമ നിര്‍വ്വഹണ സംവിധാനങ്ങളെ എങ്ങനെ തടസ്സപ്പെടുത്താമെന്നതിനെ കുറിച്ച് റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ചര്‍ച്ചകള്‍ നടത്തിയിരുന്നതായുംഎഫ്‌ഐആറില്‍ ആരോപിക്കുന്നു.