യുപിയിലെ ആള്‍ദൈവത്തിന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും 121 മരണം
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഭോലെ ബാബയുടെ സല്‍സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ചു. ഹത്രാസിലെ സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രാര്‍ത്ഥനായോഗത്തിനിടെയാണ് അപകടമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. പരിപാടിക്കായി താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്.
ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് നിഗമനം. പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം ഹൃദയഭേദകമെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രിയും അനുശോചിച്ചു . മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.