Don't Miss

ആള്‍ദൈവത്തിന്റെ 'കൂട്ടക്കുരുതി'

സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം എത്രയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിലെ കൂട്ടമരണം. ആള്‍ദൈവം സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നൂറ്റി ഇരുപതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 150-ല്‍ അധികം പേര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. സത്സംഗ് സംഘടിപ്പിച്ച വിവാദ ആള്‍ദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ കേസുപോലും എടുത്തിട്ടില്ല. പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ മാത്രം കേസെടുത്ത പൊലീസ് എഫ്‌ഐആറില്‍ എവിടെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ'യുടെ പേര് നല്‍കിയിട്ടില്ല.

പൊലീസ് ഇയാളെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് അപകടം നടന്നത്. പ്രാര്‍ത്ഥനാ പരിപാടിക്ക് ശേഷം ആളുകള്‍ മടങ്ങാനൊരുങ്ങിയപ്പോള്‍ ഭോലെ ബാബയുടെ വാഹനം കടന്ന് പോകാന്‍ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടര്‍ന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് വിവരം. ' ഭോലെ ബാബ'യുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ തിരക്കു കൂട്ടിയാണ് അപകടം സംഭവിച്ചത് എന്നും പറയപ്പെടുന്നുണ്ട്.

സത്സംഗത്തില്‍. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ ഒഴുകിയെത്തിയതാണ് ഹാത്രസ് ദുരന്തത്തിനു വഴിവച്ചതെന്നാണ് അനുമാനം.ദുരന്തത്തില്‍ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതല്‍ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. 80,000 പേര്‍ക്ക് മാത്രം അനുമതിയുള്ള പരിപാടിയില്‍ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ ആകെയുണ്ടായിരുന്നത് 40 പോലീസുകാര്‍ മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യു.പിയിലെ എറ്റ ജില്ലയിലെ പട്യാലിക്കു സമീപം ബഹാദൂര്‍ ഗ്രാമത്തില്‍നിന്നാണ് ഭോലെ ബാബയുടെ വരവ്. പട്യാലിയിലെ സാകാര്‍ വിശ്വ ഹരി ബാബയെന്നും അറിയപ്പെടുന്ന ഭോലെ ബാബയുടെ പഴയ പേര് സൗരഭ് കുമാര്‍ എന്നായിരുന്നുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറയുന്നു. ഉത്തര്‍പ്രദേശ് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൗരഭ് കുമാറിന്റെ അവകാശവാദം. 17 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍ക്കാര്‍ജോലി രാജിവച്ച് മതപ്രഭാഷകനായി.

26 വര്‍ഷം മുമ്പാണ് ആത്മീയയാത്ര തുടങ്ങിയത്. പിന്നീട് രാജ്യത്തൊട്ടാകെ കോടിക്കണക്കിന് അനുയായികളുള്ള മതപ്രഭാഷകനായി വളര്‍ന്നു. കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മറികടന്ന് ഒത്തുചേരലുകള്‍ സംഘടിപ്പിച്ച് ബാബ അധികൃതര്‍ക്ക് തലവേദനയായിരുന്നു. ഭാര്യാസമേതനായി വെള്ള സ്യൂട്ടും ടൈയും അണിഞ്ഞാണ് അനുയായികള്‍ക്കു മുന്നിലെത്തി പ്രഭാഷണങ്ങള്‍ നടത്തുന്നത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഭോലെ ബാബയ്ക്ക് അനുയായികള്‍ ഏറെയുള്ളത്. യു.പിയിലെ അലിഗഡില്‍ എല്ലാ ചൊവ്വാഴ്ചയും പരിപാടി നടക്കാറുണ്ട്. ഒത്തുചേരുന്നവരെ നിയന്ത്രിക്കുന്നതിനടക്കം അനുയായികളില്‍നിന്നുള്ളവരാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കാറുമുണ്ട് . പല ആധുനിക മതപ്രചാരകരില്‍നിന്നു വ്യത്യസ്തനായി ഒരു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലും ബാബയ്ക്ക് ഔദ്യോഗിക അക്കൗണ്ടുകളില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷേ, വാക്ചാതുരിയുടെ പിന്‍ബലത്തില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവാണ് അനുയായികളുടെ എണ്ണം ഇത്രമേല്‍ പെരുകാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions