നാട്ടുവാര്‍ത്തകള്‍

'കുഞ്ഞൂഞ്ഞിന്റെ ഓര്‍മകള്‍ക്ക് ഒരുവയസ്'; സംസ്ഥാനമെങ്ങും അനുസ്മരണ പരിപാടികള്‍

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ ഓര്‍മകള്‍ക്ക് വ്യാഴാഴ്ച ഒരുവയസ് തികയുന്നു. കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി 2023 ജൂലൈ 18നാണ് മരണമടഞ്ഞത്. ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവര്‍ഷം പിന്നിടുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ഓര്‍മയായി ഒരു വര്‍ഷം എത്തുമ്പോഴും പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് ജന പ്രവാഹമാണ്. എല്ലാ ഞായറാഴ്‌ചയും സഹായം തേടി എത്തിയിരുന്നവര്‍ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയില്‍ ഒരു നിവേദനം വെച്ച ശേഷമാണ് എംഎല്‍എയും ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. കഴിഞ്ഞ ഒരുവര്‍ഷം മുന്നില്‍ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കുടുംബം പറയുന്നത്. ആള്‍ക്കുട്ടവും ആള്‍ക്കൂട്ടത്തിന്റെ നേതാവായ കുടുംബനാഥനില്ലാത്തതിന്റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയവും ചാണ്ടി ഉമ്മനും അച്ചു ഉമ്മനും പങ്കുവയ്ക്കുന്നത്.

കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായം 34 മാത്രമായിരുന്നു. 1978ല്‍ എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതല ഉമ്മന്‍ ചാണ്ടി വഹിച്ചു.

പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ച് പതിറ്റാണ്ടുകാലം കുഞ്ഞൂഞ്ഞിനെ മാത്രം തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാര്‍ അവരുടെ വാല്‍സല്യം കാണിച്ചു. തിരുവനന്തപുരത്ത് ജഗതിയിലുള്ള തന്റെ വീടിന്റെ പേര് ‘പുതുപ്പള്ളി ഹൗസ്’ എന്നിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി തന്റെ മണ്ണിനെ അകലത്തിരുന്നും സ്‌നേഹിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഞായറാഴ്ച ദിവസം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെത്തിയാല്‍ ആദ്യം പള്ളിയില്‍ പോയി പ്രാര്‍ത്ഥന. പിന്നെ പതിവു പോലെ മണ്ഡലത്തിലെ എല്ലാവരേയും കഴിയുന്നത്ര കാണാനുള്ള തിരക്ക്. ഊണും ഉറക്കവും പോലും ഇല്ലാതെ എന്നും ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിടവ് രാഷ്ട്രീയ കേരളത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions