നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറിനകം കുവൈത്തിലെ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലില്‍ മാത്യൂസ് മുളയ്ക്കല്‍ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.
നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് അബ്ബാസിയയിലുള്ള അല്‍ ജലീബ് മേഖലയിലെ രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തത്തില്‍ ശ്വാസംമുട്ടിയാണ് മരണമെന്നാണ് വിവരം.
നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേന കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവന്‍ നഷ്ടമായിരുന്നു.