കേരളത്തില്‍ വീണ്ടും നിപ മരണം; ഏഴ് പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
കോഴിക്കോട്: കേരളത്തിന് ആശങ്ക സമ്മാനിച്ചു കോഴിക്കോട്ടു വീണ്ടും നിപ മരണം. നിപ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ പതിനാലുകാന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുകാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടായത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്കായി പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും സാംപിള്‍ ഫലം ഇന്നലെ പോസിറ്റീവ് ആകുകയുമായിരുന്നു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയെ മഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സമ്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.
14കാരന്‍ മരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള ഏഴുപേരുടെ പരിശോധന ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.
നിലവില്‍ 330 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. പട്ടികയിലുള്ളവരില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പട്ടികയിലുള്ളവര്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുള്ളവരല്ല. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുതിയ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പുതുതായി പുറത്ത് വരാനിരിക്കുന്നത് വിപുലമായ റൂട്ട് മാപ്പാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. വീടുകള്‍ കയറിയുള്ള സര്‍വേ തുടരുകയാണെന്നും പനിയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു. അതേസമയം മരിച്ച കുട്ടി വീടിനടുത്തുള്ള മരത്തില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ പറിച്ച് കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ മരത്തില്‍ വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണത്തിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. പഴങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പരിശോധനകള്‍ നടക്കുന്നതായും വീണ ജോര്‍ജ്ജ് അറിയിച്ചു.