മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തൊഴില്‍, മധ്യവര്‍ഗം, ചെറുകിട ഇടത്തരം മേഖലകള്‍ക്കു ഊന്നല്‍. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അവകാശപ്പെട്ടു. പുതിയതായി ജോലിക്കു കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു. 210 ലക്ഷം യുവാക്കള്‍ക്ക് ഇതു ഗുണകരമാകും.
തൊഴില്‍ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി അനുവദിച്ചു. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, 1 .52 ലക്ഷം കോടി കാര്‍ഷിക മേഖലയ്ക്ക്, കാര്‍ഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അനുവദിക്കും, എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതി, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍, 400 ജില്ലകളില്‍ ഡിജിറ്റല്‍ വില സര്‍വേ, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യസ വായ്പ സഹായം, അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുന്നു.
ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ബിഹാറിന് വിമാനത്താവളവും റോഡുകളും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000 കോടി, ഇതോടെ സഭയില്‍ പ്രതിപക്ഷ ബഹളമായി.
ആന്ധ്രക്ക് പ്രത്യേക ധന പാക്കേജ് പ്രഖ്യാപിച്ചു. ഹൈദരാബാദ് ബെംഗളൂരു ഇന്‍ഡസ്ട്രിയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി 6 % ആയി കുറയ്ക്കും. കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും.
മൂലധനച്ചെലവുകള്‍ക്ക് 11,11,111 കോടി രൂപ വകയിരുത്തി. ജിഡിപിയുടെ 3.4 %. ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി.