ആദായനികുതി നിയമത്തില്‍ സമഗ്ര പരിഷ്‌കരണവുമായി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ നിയമനടപടിയില്ല. കോര്‍പറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു.
പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000ത്തില്‍നിന്ന് 75,000 രൂപയാക്കി. മൂന്നുലക്ഷം രൂപ വരെ നികുതിയില്ല.
മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
തൊഴില്‍, മധ്യവര്‍ഗം, ചെറുകിട ഇടത്തരം മേഖലകള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യമെന്ന് പറഞ്ഞു തുടങ്ങിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികള്‍. വിദ്യാഭ്യസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി അനുവദിച്ചു. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, 1 .52 ലക്ഷം കോടി കാര്‍ഷിക മേഖലയ്ക്ക്, കാര്‍ഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അനുവദിക്കും, എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതി, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍, 400 ജില്ലകളില്‍ ഡിജിറ്റല്‍ വില സര്‍വേ, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യസ വായ്പ സഹായം, അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുന്നു.
സഖ്യക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. 15000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ചന്ദ്രബാബു നായിഡുവിന് മോദി സര്‍ക്കാരിന്റെ സമ്മാനം. ആന്ധ്രയുടെ ജീവനാഡിയെന്ന് കരുതുന്ന പോളാവാരം ജലസേചന പദ്ധതി സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനനമന്ത്രി പറഞ്ഞു.