അമ്പരപ്പിച്ച വിജയത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ അടി
തിരുവനന്തപുരം: അമ്പരപ്പിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ അണികളെ നോക്കുകുത്തിയാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ അടി മൂക്കുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇരു ചേരികളിലായി നിന്ന് നടത്തുന്ന പോര് രണ്ടുവര്‍ഷത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ തന്നെ ബാധിക്കുന്നതാണ്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ കെ.പി.സി.സി. നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം ആണ് ഉയര്‍ന്നത് . ജില്ലാനേതാക്കളുടെ അധികാരം കവരുന്നു, സംഘടനാകാര്യങ്ങള്‍ പുറത്തുപറയുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണു സതീശനെതിരേ കെ.പി.സി.സി. നേതൃയോഗത്തിലുയര്‍ന്നത്. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനശൈലിക്കെതിരേ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായ പശ്ചാത്തലത്തിലാണു കഴിഞ്ഞദിവസം രാത്രി അടിയന്തര ഓണ്‍ലൈന്‍ നേതൃയോഗം ചേര്‍ന്നത്.
സതീശനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ തയാറാകാത്തതും ശ്രദ്ധേയമായി. യോഗത്തില്‍ സതീശനെതിരേ വിമര്‍ശനമുയര്‍ന്നെന്ന വാര്‍ത്ത നിഷേധിക്കാന്‍ സുധാകരന്‍ തയാറായില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അതിനെ നല്ലതായി കണ്ടാല്‍ മതിയെന്നുമായിരുന്നു പ്രതികരണം. കെ.പി.സി.സിയുടെ അധികാരത്തില്‍ ആരെങ്കിലും കടന്നുകയറിയാല്‍ തടയാന്‍ അറിയാമെന്നും സുധാകരന്‍ പറഞ്ഞു.
വയനാട്ടില്‍ ചേര്‍ന്ന കെ.പി.സി.സി. ചിന്തന്‍ ശിബിര്‍ ക്യാമ്പ് എക്‌സിക്യൂട്ടീവിലെ തീരുമാനങ്ങളെപ്പോലും സതീശന്റെ നീക്കങ്ങള്‍ തകിടം മറിച്ചെന്നാണ് ആരോപണം. ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെ മറികടന്ന് മറ്റ് നേതാക്കള്‍ക്കു തദ്ദേശതെരഞ്ഞെടുപ്പ് ചുമതല സതീശന്‍ വീതിച്ചുനല്‍കിയതാണു
പൊട്ടിത്തെറിക്കിടയാക്കിയത്. തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ''മിഷന്‍ 2025''-ന്റെ ചുമതല വയനാട് ക്യാമ്പില്‍ പ്രതിപക്ഷനേതാവിനു നല്‍കിയിരുന്നു. തുടര്‍ന്ന്, സതീശന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍, പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്നതാണെന്ന വിമര്‍ശനമാണ് ഓണ്‍ലൈന്‍ യോഗത്തിലുയര്‍ന്നത്.
പ്രതിപക്ഷനേതാവിന്റെ പഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് വാട്‌സ്ആപ് ഗ്രൂപ്പില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനെതിരേയും വിമര്‍ശനമുയര്‍ന്നു. സംഘടനാനിയന്ത്രണം പ്രതിപക്ഷനേതാവ് ഏറ്റെടുക്കുന്നുവെന്ന പരാതി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നിസാര്‍ തുടങ്ങിയവര്‍ നേരത്തേ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണു കെ.പി.സി.സി. ഭാരവാഹികളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം സുധാകരന്‍ വിളിച്ചുചേര്‍ത്തത്.
ജനറല്‍ സെക്രട്ടറിമാരെ നോക്കുകുത്തിയാക്കുന്നുവെന്നായിരുന്നു യോഗത്തിലുയര്‍ന്ന പരാതി. വയനാട് ക്യാമ്പില്‍ മിഷന്‍ 2025 കര്‍മപരിപാടി സതീശനാണ് അവതരിപ്പിച്ചത്. ക്യാമ്പിനുശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹംതന്നെ നേതൃത്വം ഏറ്റെടുത്തതോടെയാണു ഭാരവാഹികളില്‍ ഒരുവിഭാഗം എതിര്‍പ്പുയര്‍ത്തിയത്. ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കു പുറമേ തദ്ദേശതെരഞ്ഞെടുപ്പ് പ്രവര്‍ത്തനമേല്‍നോട്ടം മറ്റ് നേതാക്കളെ ഏല്‍പ്പിച്ചതാണു പ്രകോപനമായത്.
ക്യാമ്പിനുശേഷം സതീശന്‍ ആരംഭിച്ച വാട്‌സ്ആപ് കൂട്ടായ്മയില്‍ തെരഞ്ഞെടുപ്പ് ചുമതലകളും വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണവും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെ പ്രശ്‌നം രൂക്ഷമായി. സംഘടനാകാര്യങ്ങളില്‍ സര്‍ക്കുലര്‍ ഇറക്കേണ്ടതു പ്രതിപക്ഷനേതാവല്ലെന്ന് പഴകുളം മധുവും നിസാറും കെ.പി.സി.സി. അധ്യക്ഷനെ അറിയിച്ചു. സതീശന്റേതു സമാന്തരസംഘടനാപ്രവര്‍ത്തനമാണെന്നു യോഗത്തില്‍ ചില നേതാക്കള്‍ തുറന്നടിച്ചു. വയനാട് ചിന്തന്‍ ശിബിറിന്റെ ശോഭ കെടുത്തിയെന്നും യോഗവിവരങ്ങള്‍ പുറത്തറിയിച്ചതു സതീശനാണെന്നും ആരോപണമുയര്‍ന്നു.
സംഘടനാ സര്‍ക്കുലര്‍ ഇറക്കേണ്ടതു കെ.പി.സി.സിയാണെന്നു യോഗത്തില്‍ സുധാകരന്‍ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് സര്‍ക്കുലര്‍ ഇറക്കിയോയെന്ന് അറിയില്ല. ജനറല്‍ സെക്രട്ടറിമാരുടെ പ്രവര്‍ത്തനത്തെ ആരും കുറച്ചുകാണുന്നില്ല. മെച്ചപ്പെട്ട ഇടപെടലിനാണു മുതിര്‍ന്നനേതാക്കളെക്കൂടി ജില്ലകളുടെ ചുമതലയില്‍ ഉള്‍പ്പെടുത്തിയതെന്നും സുധാകരന്‍ വിശദീകരിച്ചു. പാര്‍ട്ടി തീരുമാനിച്ച കാര്യം നന്നായി നടത്താനുള്ള ഇടപെടലാണ് പ്രതിപക്ഷനേതാവ് നടത്തിയതെന്നു അതില്‍ തെറ്റിദ്ധാരണ വേണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. സതീശന്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും പ്രശ്നപരിഹാരത്തിനായി രംഗത്തെത്തിയിട്ടുണ്ട്.