കല്‍പ്പറ്റ: വയനാട്ടില്‍ മേപ്പാടി മുണ്ടക്കൈയില്‍ ചൊവ്വാഴ്ച രാത്രിയും പുലര്‍ച്ചെയുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം. മരണം 100 കവിഞ്ഞു. കാണാതായവരുടെ എണ്ണവും അനവധിയാണ്. രണ്ട് തവണയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധി വീടുകള്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. 100-ലധികം പേര്‍ ചികിത്സയിലുണ്ട്. നിരവധി പേരുടെ നില ഗുരുതരം ആണ്.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തുനിന്ന് പത്തിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തി നിരവധി ഹോംസ്റ്റേകള്‍
ഉണ്ടായിരുന്നു.
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം പോത്തുകല്ലില്‍ ചാലിയാറിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. പോത്തുകല്ലില്‍ നിന്നും അഞ്ച് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേരുടേയും മൃതദേഹങ്ങളും ഇതേ പ്രദേശത്ത് നിന്നും കണ്ടെത്തി.
സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി. 40ഓളം കുടുംബങ്ങളെയാണ് ഉരുള്‍പ്പൊട്ടല്‍ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ രണ്ട് ഹെലികോപ്റ്റര്‍ എത്തിക്കും. രക്ഷാ പ്രവര്‍ത്തനത്തിനു സൈന്യത്തിന്റെ യൂണിറ്റുകളും എത്തും.
2019ല്‍ ഉരുള്‍പ്പൊട്ടിയ പുത്തുമലയ്ക്ക് രണ്ടു കിലോമീറ്റര്‍ സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുള്‍പ്പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകര്‍ന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിച്ചിട്ടില്ല.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍കോട് വരെ റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.