മരണസംഖ്യ ഉയരുന്നു, വയനാട്ടിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററുകള്‍ കോഴിക്കോട് ഇറക്കി
വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതില്‍ ചൂരല്‍മല മേഖലയില്‍ എട്ടു മരണം, നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. നാലും പുരുഷന്മാര്‍, മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
നിരവധി പേരെ കാണാതായിട്ടുള്ളതായാണ് വിവരം. ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തുന്നുണ്ട്. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്.
മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലും വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.
അതേസമയം വയനാട്ടിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററുകള്‍ കോഴിക്കോട് ഇറക്കി. വയനാട്ടില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ കോഴിക്കോട് ഇറക്കിയത്. വ്യക്തമായും ഒന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് സൂചന.
സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് ദുരന്ത ഭൂമിയില്‍ തുടരുന്നത്. ഫയര്‍ ആന്‍ഡ് റസ്ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവരാണ് മണിക്കൂറുകളായി രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ഹെലികോപ്റ്ററുകള്‍ ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിക്കില്ല.
തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഫയര്‍ഫോഴ്സ് സംഘത്തെ പൂര്‍ണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാര്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്പെഷ്യല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.