വയനാട്: മേപ്പാടി, ചൂരല്‍മലയിലും മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കുതിച്ചുയരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. മരണം ഇതിനിനോടകം 100 പിന്നിട്ടു. കാണാതായവരും ഗുരുതരമായി പരിക്കേറ്റവരും നിരവധി. ഉരുള്‍പൊട്ടലിൽ പാലം ഒലിച്ചു പോയത്തോടെ മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിപ്പെടുക അതി കഠിനമാണ്. 250 ലേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും നാശം വിതച്ച മുണ്ടക്കൈ മേഖലയിലേയ്ക്ക് എത്താനാവാത്തതും കോടമഞ്ഞും ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.
ചാലിയാര്‍ പുഴയിലൂടെ മുപ്പതോളം മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിയത്. മൃതദേഹാശിഷ്ടങ്ങള്‍ കിട്ടുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപടകടമുണ്ടായ മുണ്ടക്കൈ. ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാല്‍ പുഴയില്‍നിന്നും വനത്തില്‍ നിന്നും വനത്തില്‍നിന്നും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്നു ആശങ്കയുണ്ട്.
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. കുത്തിയൊഴുകുന്ന മുണ്ടക്കെെ പുഴയിലൂടെ അതിസാഹസികമായി അപ്പുറത്തെത്തി സൈന്യവും എന്‍ഡിആര്‍എഫും വടംവഴിയാണ് പരിക്കേറ്റവരെ ഇപ്പുറത്തെത്തിക്കുന്നത്. ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാന്‍ കഴിയാത്ത സ്ഥിതി.
മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയം ഉണ്ട്. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും മഴ തുടരുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്‌സി) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും രക്ഷാദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. സമയം മുന്നോട്ട് പോകും തോറും ആശങ്ക വര്‍ധിക്കുകയാണ്. പകല്‍വെളിച്ചം നിലക്കുന്നതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലാകും.
വയനാട്ടിലു ണ്ടായ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ദുഃഖാചരണം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.