വയനാട്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നു ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തില്ല. പ്രതികൂല കാലാവസ്ഥ മൂലം യാത്ര മാറ്റിവെക്കുകയാണെന്ന് രാഹുല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.
'ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ഞാനും പ്രിയങ്കയും വയനാട് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.
എന്നാല്‍, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. എത്രയും വേഗം ഞങ്ങള്‍ എത്തുമെന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇതിനിടയില്‍ ആവശ്യമായ എല്ലാ സഹായം നല്‍കുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. ഞങ്ങളുടെ മനസ്സ് വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്'' എന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുന്‍കരുതലുകള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.