വയനാട്: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മുണ്ടക്കൈയിലെ മലമുകളില്‍ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവ പുറത്തെടുക്കുക അതീവ ദുഷ്കരം ആണ്. സൈന്യവും എന്‍ ഡി ആര്‍ എഫും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം വീടുകളുടെ അവശിഷ്ടങ്ങള്‍ നീക്കി മണ്ണില്‍ പുതഞ്ഞു കിടക്കുന്നവരെ പുറത്തെത്തിക്കുന്ന ജോലികളിലാണ് . ആദ്യത്തെ മൂന്നു വീടുകള്‍ക്കുള്ളില്‍ തന്നെ 8 മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ അവ പുറത്തെത്തിക്കുക മണിക്കൂറുകള്‍ നീളുന്ന ജോലിയാണ്.
തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിരച്ചിലിനിടെ പല ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും.
.ചുറ്റും മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. കാലു കുത്തിയാല്‍ കുഴിഞ്ഞു താഴേക്ക് പോകുന്ന സ്ഥിതി. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഉള്ളില്‍ എത്ര മനുഷ്യരെന്ന് അവ്യക്തം. മുണ്ടക്കൈയെ ഒന്നാകെ മൂടിയ മണ്ണിനടിയില്‍ നിന്ന് ഇനിയും കണ്ടെത്താന്‍ നിരവധി മനുഷ്യര്‍ ബാക്കിയാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധി നേരിടുകയാണ്. 540 വീടുകളില്‍ അവശേഷിക്കുന്നത് 30 ഓളം വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പറയുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി വീണ്ടും ഉയരുകയാണ്. കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ.
98 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്. നാല് സംഘങ്ങളില്‍ 150 പേരടങ്ങിയ ടീമാണ് മുണ്ടക്കൈയിലേക്ക് തിരിച്ചിരിക്കുന്നത്. സൈന്യം, എന്‍ഡിആര്‍എഫ്, ആരോഗ്യപ്രവര്‍ത്തകര്‍, അഗ്‌നിശമനസേന എന്നിവരടങ്ങിയതാണ് സംഘം. സന്നദ്ധ പ്രവര്‍ത്തകരും സംഘത്തോടൊപ്പമുണ്ട് . ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈന്യമെത്തും.
മൂവായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. എന്നാല്‍ 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവര്‍ പറയുന്നത്. 486 പേരെയാണ് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
മണ്ണിനടിയില്‍ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിര്‍ണായകമാണ്. ചാലിയാര്‍ പുഴയിലും വനത്തിലും ഇന്ന് തെരച്ചില്‍ നടത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുകയാണ്. എത്രയും വേഗം മൃതദേഹം വിട്ടുനല്‍കാന്‍ നടപടി ഊര്‍ജിതമാക്കിയിരിക്കുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുന്നത്. ഉറ്റവരെ കണ്ടെത്താന്‍ കഴിയാതെ നിരവധി പേരാണ് ആശുപത്രിയില്‍ തുടരുന്നത്.
ദുരന്തമുണ്ടായ പ്രദേശവാസികള്‍ക്ക് പുറമെ, തോട്ടംതൊഴിലാളികള്‍, വിനോദ സഞ്ചാരികള്‍, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശുപ്രതിയിലെ ജീവനക്കാര്‍ എന്നിവരേയും കാണാതായിട്ടുണ്ടെന്ന വിവരവുമുണ്ട്. മുണ്ടക്കൈയിലുള്ള അന്‍പതോളം വീടുകള്‍ പൂര്‍ണമായും ഇല്ലാതായതാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാവുകയാണ് കാലാവസ്ഥ. രാവിലെ പൊടുന്നനെ പെയ്ത മഴ ആശങ്കയുണ്ടാക്കിയിരുന്നു.