Don't Miss

വയനാട്ടില്‍ നെഞ്ചു പിളര്‍ക്കും കാഴ്ചകള്‍; മരണം 243, കാണാതായവര്‍ നിരവധി

കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. ദുരന്ത മേഖലയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍ ആണ്. ഇനിയും ഇരുന്നൂറു പേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം. ചാലിയാറിലെ പോത്തുകല്ലില്‍ മാത്രം 60 മൃതദേഹങ്ങള്‍ ഒഴുകിയെത്തി.

400 ലധികം വീടുകള്‍ ഉണ്ടായിരുന്ന ദുരന്തസ്ഥലത്ത് ഇനി ബാക്കിയുള്ളത് 35 ഓളം വീടുകളാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മണ്ണില്‍ നിന്നും മരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുക ദുഷ്കരമാണ്.

ഏകദേശം 350 ലധികം വീടുകളാണ് ഒലിച്ചു പോയത്. വീടുകളും പള്ളിയും അമ്പലവും മോസ്‌ക്കുമെല്ലാം തകര്‍ന്നു. വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മുണ്ടക്കൈയിലെ ഒരു വീട്ടില്‍ നാലുപേരുടെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു. ഇവരുടെ ദേഹം പൂര്‍ണ്ണമായും ചെളിവന്ന് മൂടിയിരുന്നു. ഇരുനില വീടുകള്‍ തകര്‍ന്നു ചെരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പോലീസ് നായകളും മുണ്ടക്കൈമേഖലയിലേക്ക് എത്തിയിട്ടുണ്ട്. തെരച്ചിലില്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മലയിടിഞ്ഞ് രണ്ടു ഗ്രാമങ്ങള്‍ കിലോമീറ്ററുകളോളം ഒഴുകിപ്പോയിരുന്നു.

ഇന്നലെ കണ്ടതിനേക്കാള്‍ ഭീകരമായ കാഴ്ചകളാണ് ഇന്ന് മുണ്ടക്കൈയ്യില്‍ നിന്നും കേരളം കാണുന്നത്. വലിയ പാറക്കല്ലുകള്‍ക്കും മണ്‍കൂനകള്‍ക്കും അടിയില്‍ തകര്‍ന്നടിഞ്ഞ വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങള്‍ ഒരേ വീട്ടില്‍. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് അടച്ചുറപ്പുള്ള മറ്റു വീടുകളിലേക്ക് ഓടി കയറിയവരാവാം ഇതില്‍ മിക്കവരും. എന്നാല്‍ അടച്ചുറപ്പുള്ള വീടുകള്‍ക്കോ രണ്ടു നില വീടുകള്‍ക്കോ ഒന്നും ഈ വലിയ ദുരന്തത്തെ നേരിടാനായില്ല.

ഇനി അത്ഭുതകരമായി രക്ഷപ്പെട്ടവരാകട്ടെ നേരിടുന്നത് വലിയ മാനസികാഘാതമാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് ആശുപത്രികള്‍ തോറും കയറി ഇറങ്ങുന്നവരുടെയും പൊട്ടിക്കരഞ്ഞുകൊണ്ട്‌ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നവരുടെയും കാഴ്ചകള്‍ ഹൃദയഭേദകമാണ്. മാതാപിതാക്കള്‍ക്കായും സഹോദരങ്ങള്‍ക്കായുമൊക്കെ കാത്തിരിക്കുന്നവരെയും ക്യാംപുകളിലും ആശുപത്രികളിലും കാണാം. ഇന്നലെവരെ കൂടെയുണ്ടായിരുന്നവര്‍ക്ക് എന്ത് പറ്റിയന്നുപോലും അറിയാതെയാണ് പല മനുഷ്യരും നിസ്സഹായരായി ക്യാംപുകളില്‍ കഴിയുന്നത്.

ഇന്നലെ എത്തിച്ചേരാന്‍ കഴിയാതിരുന്ന പല പ്രദേശങ്ങളിലേക്കും ഇന്ന് സൈന്യം എത്തി. ഇവിടങ്ങളിലൊക്കെ എത്ര പേര്‍ സഹായം കാത്ത് കിടക്കുന്നെന്നോ, എത്ര പേര്‍ ജീവനറ്റ് കിടക്കുന്നെന്നോ ആര്‍ക്കും അറിയില്ല. മരണ സംഖ്യ ഇനിയും ഉയരും. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാവും മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍.

തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ ഒന്നാകെ ഒഴുകിപ്പോയി. തോട്ടം മേഖലയില്‍ പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടങ്ങളും ടൂറിസം മേഖല കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെട്ട അനേകം ഹോംസ്‌റ്റേകളില്‍ താമസിച്ചിരുന്നവരെയുമൊക്കെ കാണാതായിട്ടുണ്ട്. ഉറ്റവരെയും ഉടയവരെയും തേടി അനേകരാണ് മേപ്പാടി ആരോഗ്യകേന്ദ്രത്തിലെ യ്ക്ക് എത്തുന്നത്. മൃതദേഹം തിരിച്ചറിഞ്ഞവരുടെ വിങ്ങലുകളും കണ്ണീരും കൊണ്ട് ഇവിടം നിറയുകയാണ്. ചില മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions