കല്‍പ്പറ്റ: നടനും ലഫ്. കേണലുമായ മോഹന്‍ലാല്‍ വയനാട്ടിലെത്തി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു . ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ ആണ് മോഹന്‍ലാല്‍. സൈനിക യൂണിഫോമില്‍ മേജല്‍ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. മേപ്പാടി സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്.
അവിടെനിന്നു ചൂരല്‍മല ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗത്തേയ്ക്ക് പോയി. പോന്നവഴിയില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളില്‍ ഇറങ്ങി രക്ഷാ പ്രവര്‍ത്തകരുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചയിടങ്ങളിലേക്കെല്ലാം മോഹന്‍ലാല്‍ പോകും. മുംബൈയില്‍ നിന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ അഭിനന്ദിക്കുകയും ചെയ്തു.
ദുരന്ത മുഖത്ത് ധീരതയോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുകയാണെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.