ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ മരണം 400 കടന്നു. ഇതുവരെ 172 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 16 ക്യാമ്പുകളിലായി 2514 പേരാണ് കഴിയുന്നത്. ഇതില്‍ 500 ലധികം കുട്ടികളും ആറ് ഗര്‍ഭിണികളുമുണ്ട്. ദുരന്തം നടന്ന് ഏഴാംദിനത്തിലും തെരച്ചില്‍ തുടരുകയാണ്. 12 സോണുകളായി 50 പേര്‍ വീതമുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇടിഞ്ഞ വീണ കെട്ടിടത്തിന് സമീപമായിട്ടാണ് തെരച്ചില്‍ നടത്തുന്നത് ചൂരല്‍മല ഭാഗത്തേക്ക് ആളുകളെ കടത്തിവിടുന്നത് പാസ് നല്‍കയാണ്. 1500 വോളണ്ടിയേഴ്‌സിനെ മാത്രമാണ് കടത്തിവിടുന്നത്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.
ഇന്നലെ തെരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് സുരക്ഷിതരായി തിരിച്ചെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് വൈകിയത്. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ല എന്ന് കണ്ടെത്തിയതിനാലാണ് ഇവര്‍ വനത്തില്‍ തുടര്‍ന്നത്. 18 പേരാണ് സംഘത്തിലുള്ളത്. ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
തിരിച്ചറിയാനാകാത്തവിധം ചിതറിപ്പോയ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് സംസ്‌കരിച്ചു. പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്താണ് സംസ്‌കാരം നടന്നത്. മുണ്ടക്കൈ, ചൂരല്‍മല, എന്നിവിടങ്ങളിലും ചാലിയാര്‍ പുഴയിലും ഇന്നും തെരച്ചില്‍ നടന്നു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് സൈന്യം അറിയിച്ചു.