ഹൃദയഭേദകം; മെഡല്‍ നിഷേധിക്കപ്പെട്ട് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത
പാരീസ് ഒളിമ്പിക്സ് ഗോദയില്‍ നിന്ന് സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് ഹൃദയഭേദകമായ വാര്‍ത്ത. 50 കിലോ ഫ്രീസ്റ്റൈലില്‍ വെള്ളി ഉറപ്പായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി അവസാന സ്ഥാനക്കാരിയാക്കി. ഫൈനലിന് മുമ്പുള്ള ഭാരപരിശോധനയില്‍ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്.
ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ ഉറച്ച വെള്ളിമെഡല്‍ പോലും താരത്തിന് കിട്ടില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. സ്വര്‍ണവും വെങ്കലവും മാത്രം ആയിരിക്കും ഈ ഇനത്തില്‍ ഉണ്ടാകുക. അയോഗ്യയ ആയ സ്ഥിതിക്ക് ഈ ഇനത്തില്‍ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പറഞ്ഞത് ഇങ്ങനെ:
'വനിതാ ഗുസ്തി 50 കിലോ വിഭാഗത്തില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് ഇന്ത്യന്‍ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമില്‍ കൂടുതലായി. ഈ സമയം കൂടുതല്‍ അഭിപ്രായങ്ങളൊന്നും സംഘം നടത്തുന്നില്ല. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യന്‍ ടീം അഭ്യര്‍ത്ഥിക്കുന്നു. കൈയിലുള്ള മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയുന്നു'
എന്തായാലും ഇന്നലെ വൈകുന്നേരം തന്നെ വിനേഷ് ഈ വാര്‍ത്ത അറിഞ്ഞതാണ് എന്നാണ് പറയുന്നത്. രാത്രി മുഴുവന്‍ ശ്രമിച്ചിട്ടും 100 ഗ്രാം കുറക്കാന്‍ താരത്തിനായില്ല. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ മോദി ഉഷയോട് ആവശ്യപ്പെട്ടു. അയോഗ്യയാക്കിയ സംഭവത്തില്‍ ഫോഗട്ടിന് പ്രയോജനകരമാകുമെങ്കില്‍ മാത്രം കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഫോഗട്ടിനെ അയോഗ്യയാക്കിയ തീരുമാനം പുഃനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രാജ്യാന്തര ഒളിമ്പിക് അസോസിയേഷനെ സമീപിച്ചെങ്കിലും കാര്യം ഒന്നും ഉണ്ടായില്ല. വിനേഷ് ഫോഗട്ടിലൂടെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടാനാകും എന്നാണ് രാജ്യം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നത്.
എന്ത് കൊണ്ടാണ് ഭാരം കൂടിയത് എന്ന കാര്യത്തില്‍ ഔദ്യോഗീക വിശദീകരണം ഇപ്പോള്‍ പുറത്ത് വന്നിരികുകയാണ്. ഇന്നലെ 3 റൗണ്ടുകള്‍ ആണ് വിനേഷ് കളിച്ചത്. പ്രീ ക്വാട്ടര്‍, ക്വാട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നി റൗണ്ടുകളായിരുന്നു അത്. ഓരോ റൌണ്ട് കഴിയുമ്പോഴും ഇടയ്ക്ക് ഇടവേളകള്‍ ലഭിച്ചിരുന്നു. ആ ഇടവേളകളില്‍ താരം കഴിച്ച ഭക്ഷണം മൂലമാണ് ഭാരം കൂടാന്‍ കാരണമായത് എന്നാണ് ഔദ്യോഗീക വിശദീകരണം. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം വെള്ളം പോലും കുടിച്ചിരുന്നില്ല. ഭാരം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയങ്ങള്‍ ഉറങ്ങാതെ മുഴുവന്‍ വര്‍ക്ക് ഔട്ട് ചെയ്യുകയായിരുന്നു വിനേഷ്.
നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് വിനേഷ് ഫോഗാട്ടിനെ മെഡിക്കല്‍ ടീം പരിശോധിച്ചു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഇനത്തിലെ ഏറ്റവും അവസാന സ്ഥാനത്തേക്കാണ് വിനേഷ് ഫോഗട്ട് പിന്തള്ളപ്പെട്ടത്. സെമി ഫൈനലില്‍ വിനേഷ് തോല്‍പിച്ച ക്യൂബന്‍ താരം യൂസ്നെലിസ് ആണ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ലൈംഗികാതിക്രമം ആരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജേഷ് ഭൂഷണിനെതിരായ സമരത്തില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു വിനേഷ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും മനക്കരുത്തും മെയ്ക്കരുത്തും കൊണ്ട് മറികടന്ന പോരാളി.